
കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്
കാസര്കോട്: കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡിനെ (കിഫ്ബി) ദുര്ബലപ്പെടുത്തുകയും സാധാരണ ബജറ്റ് വിഹിതത്തിലൂടെ മാത്രം വികസന പദ്ധതികള് നടപ്പിലാക്കാന് ശ്രമിക്കുകയും ചെയ്യുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിറകിലേക്ക് കൊണ്ടുപോകുമെന്ന് സംസ്ഥാന മുന് ധനകാര്യമന്ത്രി ഡോ ടിഎം തോമസ് ഐസക്. കാസര്കോട് നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിക്ക് ബാധ്യതകളുണ്ടെങ്കിലും അതിനു തുല്യമായ ആസ്തികളും അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ‘ഈ ബാധ്യതകളൊക്കെ ഭാവിയുടെ വികസനത്തിന് വേണ്ടിയല്ലേ വരുത്തിയത്? കിഫ്ബി ഉണ്ടാക്കിയ പൊതുആസ്തികളെ പൂര്ണമായി അവഗണിച്ച് ബാധ്യതകളെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’ -അദ്ദേഹം പറഞ്ഞു.
കിഫ്ബിയുടെ നിലവിലുള്ള വായ്പാ ബാധ്യത 21,000 കോടി രൂപയാണെന്നും, നിലവിലുള്ള പദ്ധതികള് പൂര്ത്തിയാക്കാന് 35,000 കോടിയിലധികം രൂപ ആവശ്യമാണെന്നും വിലയിരുത്തുന്ന അവലോകന സമിതിയുടെ റിപ്പോര്ട്ട് യുഡിഎഫ് സര്ക്കാര് നിയമസഭയില് അവതരിപ്പിക്കാന് തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ബജറ്റ് വിഹിതം വഴി മാത്രം അടിസ്ഥാന സൗകര്യ വികസന പദ്ധതികള് നടപ്പിലാക്കുകയാണെങ്കില് അതിന് കുറഞ്ഞത് 30 വര്ഷമെങ്കിലും വേണ്ടിവരുമെന്ന് തോമസ് ഐസക് കൂട്ടിച്ചേര്ത്തു.








