
വിദ്യാർത്ഥികളിൽ ആരോഗ്യ-സാമൂഹിക അവബോധം വളർത്താൻ മജീഷ്യൻ നാഥിന്റെ മാജിക് ഷോ വ്യാഴാഴ്ച കുടമാളൂരിൽ
കുടമാളൂർ: കുട്ടികളിലും രക്ഷിതാക്കളിലും സാമൂഹിക-ജീവിതശൈലി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടമാളൂർ സെന്റ് അൽഫോൺസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ നേതൃത്വത്തിൽ വേറിട്ട മാജിക് ഷോ സംഘടിപ്പിക്കുന്നു. പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിക്കുന്ന ‘അവെയർനെസ്സ് & എന്റർടൈൻമെന്റ് മാജിക് ഷോ’ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി പാരിഷ് ഹാളിൽ വെച്ച് നടക്കും.
‘മാജിക്കിനപ്പുറം… നല്ലൊരു ജീവിതത്തിനായുള്ള സന്ദേശം’ എന്ന പ്രമേയത്തിലാണ് പരിപാടി അരങ്ങേറുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെയുള്ള ജാഗ്രത, ഫാസ്റ്റ് ഫുഡ്/ജങ്ക് ഫുഡ് ശീലങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന അപകടങ്ങൾ, ഭാവി തലമുറയ്ക്കായുള്ള ജലസംരക്ഷണത്തിന്റെ പ്രാധാന്യം എന്നീ മൂന്ന് സുപ്രധാന വിഷയങ്ങൾ കോർത്തിണക്കിയാണ് ഇന്ദ്രജാല വിസ്മയങ്ങളിലൂടെ ബോധവൽക്കരണം നൽകുന്നത്.
വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.









