Vazhchayugam

Live News

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogNationalരാംലീല മൈതാനത്ത് ഈ വർഷം മൂന്ന് ദിവസം മാത്രം ഒഴിവ്; പ്രതിഷേധത്തിന് ഒരു ദിവസത്തെ ബുക്കിങ് നിരക്ക് 1.21 ലക്ഷം രൂപ

രാംലീല മൈതാനത്ത് ഈ വർഷം മൂന്ന് ദിവസം മാത്രം ഒഴിവ്; പ്രതിഷേധത്തിന് ഒരു ദിവസത്തെ ബുക്കിങ് നിരക്ക് 1.21 ലക്ഷം രൂപ

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധങ്ങൾക്കായി പുതുതായി നിശ്ചയിച്ച മൂന്ന് വേദികളിലൊന്നായ രാംലീല മൈതാനത്ത് ഈ വർഷം ഇനി മൂന്ന് ദിവസം മാത്രമാണ് ബുക്കിങ്ങിന് ഒഴിവുള്ളത്. അടുത്ത രണ്ടര മാസത്തേക്ക് മൈതാനത്ത് പരിപാടികൾ നടത്താൻ തീയതികളില്ല. ഡിസംബർ 29, 30, 31 തീയതികളിൽ മാത്രമാണ് നിലവിൽ ബുക്കിങ് ലഭ്യമാകുക. ഒരു ദിവസത്തെ ബുക്കിങ്ങിന് നികുതിയുൾപ്പെടെ 1.21 ലക്ഷം രൂപ ചെലവാകും.

50,000 പേർക്ക് പങ്കെടുക്കാവുന്ന 12 ഏക്കർ വിസ്തൃതിയുള്ള മൈതാനത്തിന്‍റെ പ്രതിദിന വാടക 50,000 രൂപയാണ്. ഇതിനുപുറമെ 55,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഈ തുക പിന്നീട് തിരികെ ലഭിക്കും. നികുതികൾ ഉൾപ്പെടെ ആദ്യഘട്ടത്തിൽ അടയ്ക്കേണ്ട തുക 1.21 ലക്ഷം രൂപയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കുമായി മൈതാനത്തിന്‍റെ ചെറിയൊരു ഭാഗം സൗജന്യമായി ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ 150 പേർക്ക് മാത്രമാണ് ഇവിടെ പങ്കെടുക്കാനാകുക.
ഡൽഹി മുനിസിപ്പൽ കോർപറേഷന്‍റെ ഹോർട്ടികൾച്ചർ വിഭാഗം വഴിയാണ് മൈതാനം ബുക്ക് ചെയ്യേണ്ടത്. അനുമതി ലഭിക്കുന്നതിന് ഡൽഹി പൊലീസിന്‍റെ നിരാക്ഷേപ പത്രവും നിർബന്ധമാണ്.

ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ ഒക്റ്റോബർ 11ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കി രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവ പുതിയ പ്രതിഷേധ വേദികളായി നിശ്ചയിച്ചത്. മൂന്ന് വേദികളിലെയും പ്രതിഷേധങ്ങൾക്കായി വിശദമായ പുതുക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) പിന്നീട് പുറത്തിറക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഘടനകൾക്കും നാട്ടുകാരുടെ കൂട്ടായ്മകൾക്കും പ്രതിഷേധം സംഘടിപ്പിക്കാൻ രാംലീല മൈതാനത്തെ ഉയർന്ന ബുക്കിങ് തുക തിരിച്ചടിയാകുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തൽ. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിന് ഇത്തരത്തിൽ തുക നൽകേണ്ടിയിരുന്നില്ല. മൈതാനം സൗജന്യമായി പ്രതിഷേധങ്ങൾക്ക് വിട്ടുനൽകിയാൽ പ്രതിദിനം കുറഞ്ഞത് 50,000 രൂപയിലധികം വരുമാനം നഷ്ടമാകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags