
ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും
തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം ഇന്ന് നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കും. വി ഡി സതീശനാകും ചട്ടം 118 പ്രകാരം പ്രത്യേക പ്രമേയം അവതരിപ്പിക്കുകയെന്നും നിയമസഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. മുഖ്യ പ്രതിപക്ഷമായ എൽഡിഎഫ്, സർക്കാർ കൊണ്ടുവരുന്ന ഈ പ്രമേയത്തെ പൂർണമായും പിന്തുണക്കും. മൂന്ന് ബിജെപി അംഗങ്ങള്‍ വിട്ട് നിൽക്കും.
രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. പ്രമേയത്തിൽ ഒഴിവാക്കപ്പെട്ട അർഹരെ വോട്ടർ പട്ടികയിൽ ചേർക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കുന്ന സമിതി ചിഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി മാറ്റണമെന്നുമുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അഭ്യർഥിക്കുന്നതാകും പ്രമേയം.
”ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ സ്വതന്ത്രവും സുതാര്യവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പുകളും, ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശവുമാണ്. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമീപകാല പ്രവർത്തനങ്ങളുമായി ബന്ധന്ധപ്പട്ട് ഗുരുതരമായ ആശങ്കകളും ആരോപണങ്ങളും രാജ്യത്തുടനീളം ഉയർന്നുവനിട്ടുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്,” എന്നും സഭ വാർത്താകുറിപ്പിൽ അറിയിച്ചു.
ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ, കേരള നിയമസഭയുടെ ഈ നീക്കം ദേശീയ തലത്തിലെ സമരങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്നാണ് തുടങ്ങുക. നേരത്തെ കേരളത്തിൽ ഗ്യാനേഷിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണത്തിന് രമേശ് ചെന്നിത്തല ഉത്തരവിട്ടത്.








