
സഭയിൽ ഒടിഞ്ഞ ലാത്തിയുമായി പ്രതിപക്ഷം; പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വാക്കൗട്ട്
തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ ആവശ്യപ്പെട്ടുള്ള പ്രമേയം വരും മണിക്കൂറുകളിൽ സഭയിൽ അവതരിപ്പിക്കും. വയോജന സംരക്ഷണ ബിൽ മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് അതിക്രമം അടിയന്തര പ്രമേയമായി അവതരിപ്പിക്കുന്നതിനിടെ വി ജോയ് എംഎൽഎ ഒടിഞ്ഞ ലാത്തി ഉയർത്തിക്കാട്ടിയതാണ് ബഹളത്തിന് കാരണമായത്. വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നതിനിടെ ഒടിഞ്ഞ ലാത്തിയാണിതെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. ഇതോടെ ലാത്തി പിടിച്ചെടുക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം ഒന്നടങ്കം എഴുന്നേറ്റു. ലാത്തി വാച്ച് ആൻഡ് വാർഡിന് കൈമാറണമെന്നും ബാക്കി കാര്യങ്ങൾ പരിശോധിക്കുമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
ലാത്തി കസ്റ്റഡിയിലെടുക്കുമോ എന്ന് ജി സുധാകരൻ ചോദിച്ചപ്പോൾ, കസ്റ്റഡിയിലെടുത്തു കഴിഞ്ഞുവെന്ന് സ്പീക്കർ മറുപടി നൽകി. എസ്എഫ്ഐക്കാർ പൊലീസിൽ നിന്ന് ബലമായി പിടിച്ചെടുത്ത ലാത്തിയാണ് സഭയിൽ കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. സഭയിൽ ആയുധങ്ങൾ കൊണ്ടുവരാൻ പാടില്ലെന്ന റൂളിങ് നിലനിൽക്കെ ജോയിയുടെ നടപടി ചട്ടലംഘനമാണെന്നും നടപടി വേണമെന്നും മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. മുൻ റൂളിങ്ങുകൾ പരിശോധിച്ച് നാളെ തീരുമാനമെടുക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി.









