
ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്‌സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസിനെ (59) കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20നു രാവിലെയാണ് ജോസിനെ മരിച്ച നിലയില്‍ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും ഭാര്യ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവികത തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരമറിയിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹ പരിശോധന നടത്തിയ ശേഷം ഇടവക പള്ളിയില്‍ സംസ്‌കരിച്ചു. മൃതദേഹ പരിശോധനയുടെയും ഫൊറന്‍സിക് പരിശോധനയുടെയും ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും പൊലീസ് പറയുന്നു.
ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നത്. കഴുത്തില്‍ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ ശേഷം, ജോസ് ആത്മഹത്യ ചെയ്‌തെന്നു മറിയാമ്മ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. സംസ്‌കാരത്തിനു ശേഷം പൊലീസ് നടപടി ഭയന്നു മറിയാമ്മ ചെന്നൈയിലേക്ക് പോയി. അവിടെ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ കഴിയുകയായിരുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം മറിയാമ്മയെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചു.
അടൂര്‍ തുവയൂര്‍ ആനമുക്ക് സ്വദേശിയായ ജോസ് രണ്ട് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ്. ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ മറിയാമ്മ നേരിട്ട ബുദ്ധിമുട്ടുകളും ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.








