Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKerala800 കിലോ ഇ-വേസ്റ്റ്, ഒന്നര മാസത്തെ അധ്വാനം; 25 അടി ഉയരത്തിൽ കുതിര, കൗതുകമായി ഡാവിഞ്ചി സുരേഷിന്‍റെ ട്രോജൻ ശിൽപം

800 കിലോ ഇ-വേസ്റ്റ്, ഒന്നര മാസത്തെ അധ്വാനം; 25 അടി ഉയരത്തിൽ കുതിര, കൗതുകമായി ഡാവിഞ്ചി സുരേഷിന്‍റെ ട്രോജൻ ശിൽപം

എറണാകുളം: കൊച്ചിയിൽ നടക്കുന്ന ദേശീയ സൈബർ സെക്യുരിറ്റി സമ്മേളന വേദിയായ കോക്കൂൺ നഗരിയിൽ സ്ഥാപിച്ച 25 അടി ഉയരമുള്ള കൂറ്റൻ ട്രോജൻ കുതിരയുടെ ശിൽപം ശ്രദ്ധേയമാവുകയാണ്. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഈ പ്രതിഷ്‌ഠാപനം പുതിയ കാലത്തെ മനുഷ്യർക്ക് മുമ്പിൽ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. പരിസ്ഥിതിക്ക് കടുത്ത ഭീഷണിയാകുന്ന ഇലക്ട്രോണിക് മാലിന്യങ്ങളെക്കുറിച്ചും ചതിക്കുഴികളുമായി കാത്തിരിക്കുന്ന സൈബർ ലോകത്തെ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ഈ പ്രതീകാത്മക പ്രതിഷ്‌ഠാപനം വാചാലമാകുന്നു. വ്യത്യസ്‌തമായ ശിൽപങ്ങളും പ്രതിഷ്‌ഠാപനങ്ങളും സൃഷ്‌ടിച്ച് ശ്രദ്ധ നേടിയ കലാകാരൻ കൂടിയാണ് ഡാവിഞ്ചി സുരേഷ്.

പണ്ടുകാലത്ത് ഗ്രീക്കുകാർ ട്രോജൻ രാജ്യത്തെ നശിപ്പിക്കാൻ ഉപയോഗിച്ച മരക്കുതിരയുടെ ആശയത്തിൽ നിന്നാണ് ഇത്തരമൊരു കുതിരയെ സൃഷ്‌ടിച്ചതെന്ന് ചിത്രകാരനായ ഡാവിഞ്ചി സുരേഷ് പറഞ്ഞു. പുതിയ കാലത്തിന് അനുസരിച്ചാണ് രണ്ടു കാലിൽ ചാടി നിൽക്കുന്ന കുതിരയായി ഇത് തയ്യാറാക്കിയത്. പണ്ട് നേരിട്ടുള്ള ഒളിയുദ്ധങ്ങളാണ് നടന്നതെങ്കിൽ ഇന്നിപ്പോൾ കമ്പ്യൂട്ടറുകളും നെറ്റ്‌വർക്കുകളും വഴിയുള്ള സൈബർ ഒളിയുദ്ധങ്ങളാണ് നടക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ഉപയോഗശൂന്യമായ കമ്പ്യൂട്ടർ കീബോർഡുകൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ മദർ ബോർഡുകൾ, വയറുകൾ എന്നിവ ഉപയോഗിച്ചാണ് ഈ പ്രതിഷ്‌ഠാപനം തയ്യാറാക്കിയത്. കുതിരയുടെ കുളമ്പുകൾ നിർമ്മിക്കാൻ കീബോർഡിൻ്റെ ബട്ടണുകളും വാലുകൾ നിർമ്മിക്കാൻ വയറുകളുമാണ് ഉപയോഗിച്ചത്. 2000 കിലോഗ്രാം ആകെ ഭാരമുള്ള ഈ ശിൽപത്തിൽ എണ്ണൂറ് കിലോഗ്രാമിലധികം ഇലക്ട്രോണിക് വേസ്റ്റുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. പട്ടാമ്പിയിലെ ഇ-മാലിന്യങ്ങൾ ശേഖരിച്ച് ഡൽഹിയിലേക്ക് കയറ്റി അയക്കുന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്രയും മദർബോർഡുകൾ ലഭിച്ചത്.

ഒന്നരമാസത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ശിൽപത്തിൻ്റെ നിർമ്മാണം പൂർത്തിയായത്. ഒരു ഡസൻ പീസുകളുള്ള ഭാഗങ്ങൾ ഒരു ദിവസം കൊണ്ട് കൂട്ടി യോജിപ്പിച്ചാണ് ട്രോജൻ കുതിര തയ്യാറാക്കിയത്. ഇലക്ട്രോണിക്ക് മാലിന്യങ്ങൾ കൊണ്ട്, പ്രത്യേകിച്ച് മദർബോർഡുകൾ ഉൾപ്പടെ ഉപയോഗിച്ച് ഇത്ര വലിയ ശിൽപം തയ്യാറാക്കിയത് ആഗോള തലത്തിൽ തന്നെ ആദ്യമാണെന്ന് ഡാവിഞ്ചി സുരേഷ് അവകാശപ്പെടുന്നു.സൈബർ സെക്യുരിറ്റി സമ്മേളനത്തിനെത്തിയവർ ഈ ട്രോജൻ കുതിരയ്ക്ക് മുന്നിൽ നിന്ന് ഒരു സെൽഫിയെടുത്ത് ആസ്വദിച്ചാണ് മടങ്ങുന്നത്. സമ്മേളനം കഴിഞ്ഞാലും ഈ വലിയ ട്രോജൻ കുതിരയെ ധാരാളമായി വിനോദ സഞ്ചാരികളെത്തുന്ന ഫോർട്ട് കൊച്ചിയിൽ സ്ഥിരം സ്വഭാവത്തോടെ സ്ഥാപിക്കാനാണ് കോക്കൂൺ സംഘാടകർ ഉദ്ദേശിക്കുന്നത്.

പഴയ ഗ്രീക്ക് യുദ്ധവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളിൽ ട്രോജൻ കുതിര ചതിയുടെയും വഞ്ചനയുടെയും പ്രതീകമാണ്. ഗ്രീക്കുകാർ പത്തു ദിവസം ട്രോജൻ രാജ്യവുമായി യുദ്ധം ചെയ്‌ത്, പത്താം നാൾ യുദ്ധം അവസാനിപ്പിച്ച് ഒരു മരക്കുതിരയെ ഉപേക്ഷിച്ച് ഗ്രീക്കുകാർ മടങ്ങി. എന്നാൽ രാത്രി സമയത്ത് ഈ കുതിരയ്ക്കുള്ളിൽ ഒളിച്ചിരുന്ന ഗ്രീക്ക് പടയാളികൾ പുറത്തിറങ്ങി ട്രോജൻ രാജ്യത്തിൻ്റെ കവാടങ്ങൾ പുറത്തുള്ള സൈനികർക്കായി തുറന്നു നൽകുകയും ചതിയിലൂടെ ട്രോജൻ രാജ്യത്തെ കീഴ്‌പ്പെടുത്തിയെന്നുമാണ് കഥ.

ആധുനിക കാലത്തും അപകടം ഒളിഞ്ഞിരിക്കുന്ന ഒരു തന്ത്രത്തെ അല്ലെങ്കിൽ വഞ്ചനയെ സൂചിപ്പിക്കാൻ ഇന്നും ‘ട്രോജൻ കുതിര’ എന്ന് പ്രയോഗിക്കുന്നു. സുരക്ഷിതമായ സോഫ്റ്റ്‌വെയർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യിക്കുന്ന ഒരുതരം മാൽവെയറിനെയും ട്രോജൻ കുതിരയെന്ന് തന്നെയാണ് വിശേഷിപ്പിക്കാറുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags