
അഭിജിത്തിനെ ഇന്നലെ വിട്ടയച്ചിരുന്നെങ്കില്‍ മുത്തശിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാകുമായിരുന്നെന്ന് അമ്മ
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശിയുടെ മരണവിവരം മകനെ അറിയിച്ചില്ലെന്ന് ആരോപണം ഉയര്‍ത്തി മാതാപിതാക്കള്‍. ഡൽഹി പൊലീസ് കള്ളം പറയുകയാണെന്നും വിവരം ലഭിച്ചിരുന്നെങ്കിൽ അവൻ ഉടൻ എത്തുമായിരുന്നുവെന്നും ദീപ്കെയുടെ അമ്മ അനിത പറഞ്ഞു. എന്നാല്‍ ഡൽഹി പൊലീസ് ആരോപണം പൂര്‍ണമായും നിഷേധിച്ചു.
ശനിയാഴ്‌ച തന്നെ മകനെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നെങ്കിൽ മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുവെന്ന് ദീപ്‌കെയുടെ അമ്മ അനിത പറഞ്ഞു. എന്നാൽ ഇപ്പോൾ അവസാനമായി മുത്തശിയുടെ മുഖം കാണാൻ പോലും അവന് കഴിയില്ലെന്ന് അവർ വ്യക്തമാക്കി. “അഭിജിതിനെ ഇന്നലെ വിട്ടയച്ചിരുന്നെങ്കിൽ മുത്തശിയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അവന് കഴിയുമായിരുന്നു. “ഡൽഹി പൊലീസ് കള്ളം പറയുകയാണ്. അവന് വിവരം ലഭിച്ചിരുന്നെങ്കിൽ അവൻ ഉടൻ തന്നെ എത്തുമായിരുന്നു” അവർ പറഞ്ഞു.
അവനൊരു ഭീകരവാദിയോ രാജ്യദ്രോഹിയോ ആണോയെന്ന് ദീപ്‌കെയുടെ പിതാവ് ഭഗവാൻ ദീപ്‌കെ ഭരണകൂടത്തോട് ചോദിച്ചു. മുത്തശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ എന്ത് കുറ്റമാണ് അവൻ ചെയ്‌തതെന്നും പിതാവ് ചോദ്യമുയര്‍ത്തി. “മുത്തശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ എന്ത് കുറ്റമാണ് അവൻ ചെയ്‌തത്? എന്താണ് അവൻ ചെയ്‌ത കുറ്റം? അവനൊരു ഭീകരവാദിയോ രാജ്യദ്രോഹിയോ ആണോ? തെറ്റ് ചെയ്യുന്നവരെ സർക്കാർ വെറുതെ വിടാറുണ്ട്. എൻ്റെ മകൻ എന്ത് തെറ്റാണ് ചെയ്‌തത്? അവനെ വിമാനത്തിൽ നിന്ന് കൊണ്ടുപോയിട്ടും മുത്തശിയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിജിത് ദീപ്‌കെ കസ്റ്റഡിയിലിരിക്കെയാണ് ഇന്നലെ അദ്ദേഹത്തിൻ്റെ മുത്തശിയായ സാവിത്രിബായ് ദീപ്‌കെ മരിച്ചത്. ശവസംസ്‌കാര ചടങ്ങുകളില്‍ മകന് പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഡല്‍ഹി പൊലീസിനെതിരെ ആരോപണം ഉയര്‍ത്തി മാതാപിതാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ വിവരം അഭിജിതിനെ അറിയിച്ചെന്ന് ഡല്‍ഹി പൊലീസ് മറുപടി നല്‍കി.
മാതാപിതാക്കള്‍ ആരോപണം ഉയര്‍ത്തിയോതോടെ വാദങ്ങള്‍ നിഷേധിച്ച് ഡല്‍ഹി പൊലീസ് രംഗത്തെത്തി. മുത്തശി മരിച്ച വിവരം അഭിജിതിനെ അറിയിച്ചെന്നും, നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായ വാഗ്‌ദനവും നല്‍കിയെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അഭിജിത് സഹായം നിരസിക്കുകയാണ് ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. ഡൽഹി പൊലീസിൻ്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.








