Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaമത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനമാണ് നടപ്പാക്കുന്നത്.

‘കേരള ബസ്’ പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക് എസ്ടിഎ കടന്നത്. പുതിയ സംവിധാനത്തില്‍ റൂട്ടിലെ മറ്റു ബസുകളുടെ സഞ്ചാരം കണക്കിലെടുത്ത് മുന്നിലെ ബസ് എവിടെയെത്തി, പിന്നിലെ ബസ് എത്ര ദൂരെയുണ്ട് എന്ന് ഡ്രൈവര്‍മാര്‍ക്ക് ആപ്പിലൂടെ മനസ്സിലാക്കാം. അതോടൊപ്പം ഓരോ സ്റ്റോപ്പിലും എത്ര സമയം നില്‍ക്കണം, എപ്പോള്‍ പുറപ്പെടണം എന്ന നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ഡാഷ്ബോര്‍ഡ് കണ്‍സോള്‍ വഴി നേരിട്ട് ലഭിക്കും.

ഒരേ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ നഗരമേഖലയില്‍ കുറഞ്ഞത് അഞ്ചു മിനിറ്റും ഗ്രാമീണ മേഖലയില്‍ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് 2025 ഓഗസ്റ്റ് എട്ടിന് എസ്ടിഎ. കൈക്കൊണ്ട തീരുമാനം. യാത്രക്കാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ ഏതു സമയത്ത് ഏതു ബസ് ലഭിക്കുമെന്ന് മുന്‍കൂട്ടി അറിയാനാകും. 2026 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. ഇത് നടപ്പിലാകുന്നതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് സമയം നിശ്ചയിക്കാന്‍ നടത്തുന്ന ദീര്‍ഘമേറിയ ടൈമിങ് കോണ്‍ഫറന്‍സുകള്‍ക്കും വിരാമമാകും.

എന്നാല്‍, ബസുകളിലെ സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, ബസ് ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് മറികടക്കല്‍, പ്രായോഗികമായ നടപ്പാക്കല്‍ എന്നിവയില്‍ ഇനിയും വ്യക്തത വരാനുണ്ട്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതതല സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ അന്തിമരൂപം, പ്രവര്‍ത്തനരീതി എന്നിവയേക്കുറിച്ച് നിലവില്‍ പൂര്‍ണ വ്യക്തതയില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags