Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogSportsവിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ലഖ്‌നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. 172 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയ റൺ നേടുക ആയിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. അഭിഷേക് ശർമ 10 പന്തിൽ 21 റൺസെടുത്ത് പുറത്തായി. മൂന്ന് ഫോറും ഒരു സിക്‌സും നേടി മികച്ച വേഗത്തിൽ സ്കോർ ചെയ്ത അഭിഷേകിനെ റോസ്റ്റൺ ചേസാണ് പുറത്താക്കിയത്. പിന്നാലെ സഞ്ജു സാംസണും 9 പന്തിൽ 11 റൺസെടുത്ത് മടങ്ങി. അക്കീൽ ഹൊസെയ്നാണ് സഞ്ജുവിന്റെ വിക്കറ്റ് നേടിയത്.

തൊട്ടു പിന്നാലെ കളത്തിലെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്ന് സ്കോറിങ്‌ വേഗത്തിലാക്കി. 43 പന്തിൽ പുറത്താകാതെ 102 റൺസാണ് അയ്യർ അടിച്ചെടുത്തത്. 10 ഫോറും ആറ് സിക്‌സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മറുവശത്ത് ഇഷാൻ കിഷൻ 27 പന്തിൽ പുറത്താകാതെ 37 റൺസ് നേടി. അഞ്ച് ഫോറുകൾ ഉൾപ്പെട്ട ഇന്നിങ്‌സായിരുന്നു ഇഷാന്റേത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനായി ഷെർഫെയ്ൻ റുഥർഫോഡും ഷായ് ഹോപ്പും അർധ സെഞ്ച്വറി നേടി. റുഥർഫോഡ് 34 പന്തിൽ 56 റൺസും ഷായ് ഹോപ്പ് 37 പന്തിൽ 52 റൺസ് നേടി ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചു. ഇന്ത്യക്കായി നമൻ ധീർ നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അക്ഷർ പട്ടേലും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം നേടി. അർഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags