
44 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര സ്വർണം
നിഷിയോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയെ തകർത്ത് ഇന്ത്യ ചരിത്രപരമായ സ്വർണ്ണനേട്ടം സ്വന്തമാക്കി. ജപ്പാനിലെ ഗിഫു പ്രിഫെക്ചറൽ ഗ്രീൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. ഇതോടെ 44 വർഷത്തെ നീണ്ട കാത്തിരിപ്പിനാണ് ഇന്ത്യ വിരാമമിട്ടത്.
മത്സരത്തിന്‍റെ ഒന്നാം ക്വാർട്ടറിൽ ഫോർവേഡ് ലാൽറെംസിയാമി ഹമാർസോത്തെ തൊടുത്ത ടൊമാഹോക്ക് ഷോട്ട് ചൈനീസ് വലയുടെ മുകൾത്തട്ടിലേക്ക് തുളച്ചുകയറിയതാണ് മത്സരത്തിലെ നിർണ്ണായക ഗോളായി മാറിയത്. തുടർന്ന് രണ്ടാം ക്വാർട്ടറിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് സവിതാ പുനിയയുടെ മിന്നുന്ന സേവ് കരുത്തായി. ചൈനയ്ക്ക് ലഭിച്ച പെനാൽറ്റി സ്ട്രോക്ക് തടയാൻ ചൈനീസ് താരം ഷാങ് യിങ്ങിന്‍റെ ഷോട്ടിന് നേരെ ഇടത്തോട്ട് ചാടി പന്ത് തട്ടിയകറ്റിയ സവിത, ആദ്യ പകുതിയിൽ ഇന്ത്യയുടെ 1-0 ലീഡ് സുരക്ഷിതമാക്കി നിർത്തി.
പാരിസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ വിജയികളായ ചൈന രണ്ടാം പകുതിയിൽ പന്ത് കൈവശം വെച്ചും കടുത്ത ഹൈ-കോർട്ട് സമ്മർദ്ദം ചെലുത്തിയും ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധ നിര അതിനെ ഉറച്ചുനിന്ന് ചെറുത്തു തോൽപ്പിച്ചു. അവസാന ക്വാർട്ടറിലും ചൈനയുടെ കടന്നാക്രമണങ്ങളെ കൗണ്ടർ അറ്റാക്കുകളിലൂടെ നേരിട്ട ഇന്ത്യ തങ്ങളുടെ ഗോൾമുഖം കാത്തു.
മത്സരത്തിന്റെ അവസാന മൂന്ന് മിനിറ്റിൽ ചൈന ഗോൾകീപ്പർ ലിയു പിങ്ങിനെ പിൻവലിച്ച് അധിക ഔട്ട്ഫീൽഡ് താരത്തെ ഇറക്കി സർവകരുത്തും പുറത്തെടുത്തെങ്കിലും സമനില ഗോൾ നേടാൻ അവർക്കായില്ല. ഒടുവിൽ വിജയഭേരി മുഴക്കി ഇന്ത്യ സ്വർണം ഉറപ്പിക്കുകയും ക്ലീൻ ഷീറ്റ് നിലനിർത്തുകയും ചെയ്തു. ഏഷ്യൻ ഗെയിംസിലെ ഈ ചരിത്ര വിജയത്തോടെ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടാനും ഇന്ത്യൻ വനിതാ ഹോക്കി ടീമിന് സാധിച്ചു. 2024 പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ പോയ ഇന്ത്യക്ക് ഈ വിജയം വൻ തിരിച്ചുവരവായി മാറി.








