
ഇന്ന് ശ്രീനാരായണ ഗുരു സമാധി
തിരുവനന്തപുരം: മാനവികതയുടെയും നവോത്ഥാനത്തിന്റെയും മഹത്തായ സന്ദേശങ്ങൾ ലോകത്തിന് പകർന്നുനൽകിയ യുഗപുരുഷൻ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനം ഇന്ന് നാടെങ്ങും ആചരിക്കും. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന അദ്വൈത ദർശനം ഉയർത്തിപ്പിടിച്ച് കേരളീയ സമൂഹത്തിലെ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ പോരാടിയ മഹദ് വ്യക്തിത്വത്തെ പ്രണാമങ്ങളോടെയാണ് നാട് അനുസ്മരിക്കുന്നത്.
ഗുരുദേവൻ സമാധിയടഞ്ഞ ശിവഗിരി മഠത്തിലും ജന്മദേശമായ ചെമ്പഴന്തി ഗുരുകുലത്തിലും വിവിധ ശാഖകളിലും പ്രത്യേക പ്രാർത്ഥനകൾ, സമാധി പൂജ, പുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, ഉപവാസം, അന്നദാനം എന്നിവ നടക്കും.
1928 സെപ്റ്റംബർ 20-ന് (കന്നി 5) വർക്കല ശിവഗിരിയിലാണ് ഗുരുദേവൻ മഹാസമാധിയായത്. ജാതിഭേദമന്യേ സമത്വസുന്ദരമായ ഒരു ലോകം പണിതുയർത്താൻ ഗുരു കാണിച്ചുതന്ന പാതയിലൂടെ മുന്നേറുമെന്ന് പ്രഖ്യാപിക്കുന്നതാണ് ഇന്നത്തെ ദിനാചരണം.








