
കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യം ലോകത്തിന് മാതൃകയെന്ന് അത്തിയ; ബിനാലെ ക്യൂറേറ്റോറിയൽ അന്വേഷണങ്ങൾക്ക് തുടക്കം
എറണാകുളം: കുടിയേറുന്ന സംസ്കാരങ്ങളെ സ്വന്തം തനിമ ചോർന്നുപോകാതെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ കൊച്ചി ലോകത്തിനുതന്നെ മാതൃകയാണെന്ന് ലോകപ്രശസ്ത കലാകാരൻ കദെർ അത്തിയ. ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ ഏഴാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റോറിയൽ അന്വേഷണങ്ങൾക്കായി കൊച്ചിയിലെത്തിയതായിരുന്നു അത്തിയ. കൊച്ചിയുടെ ഈ സാംസ്കാരിക വൈവിധ്യവും ചരിത്രപരമായ പ്രത്യേകതകളും ഏഴാമത് ബിനാലെയുടെ ക്യൂറേറ്റോറിയൽ പ്രമേയം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പതിപ്പിൻ്റെ ക്യൂറേറ്റോറിയൽ പ്രമേയം നവംബർ 14-ന് മുംബൈയിൽ പ്രകാശനം ചെയ്യും.
തൻ്റെ ബാല്യകാല അനുഭവങ്ങളാണ് കലാവാസന വളർത്തിയത് എന്ന് അത്തിയ വ്യക്തമാക്കി. പാരീസിലെ വിവിധ രാജ്യക്കാരും സംസ്കാരങ്ങളും ഇടകലർന്നു ജീവിച്ച കമ്മ്യൂണിറ്റി പാർപ്പിടത്തിലായിരുന്നു കുട്ടിക്കാലം. യൂറോപ്പിൽ പൊതുവെ കുടിയേറ്റ സംസ്കാരങ്ങൾ പ്രാദേശികതയിലേക്ക് ലയിച്ചുപോകുന്ന കാഴ്ചയാണ് ഉള്ളതെങ്കിൽ, കൊച്ചിയിൽ ഓരോ സംസ്കാരത്തിനും തനതായ നേർക്കാഴ്ചയും വേറിട്ട വ്യക്തിത്വവുമുണ്ടെന്നും അത്തിയ പറഞ്ഞു.
ഓർമ, ചരിത്രം, കൊളോണിയലിസത്തിൻ്റെ അടയാളങ്ങൾ, പുനഃസ്ഥാപനം എന്നീ ആശയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി താൻ നടത്തുന്ന കലാപ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. അത്തിയെ സംബന്ധിച്ച് പുനഃസ്ഥാപനം എന്നത് കേവലം ഒരു ആശയമല്ല, മറിച്ച് പ്രകൃതിയിലും മനുഷ്യചരിത്രത്തിലും വാസ്തുവിദ്യയിലും ഒരുപോലെ സംഭവിക്കുന്ന പ്രതിഭാസമാണ്. നഷ്ടങ്ങളെയും മുറിവുകളെയും അതിജീവിച്ച് മനുഷ്യസമൂഹം എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന് അന്വേഷിക്കുന്നതാണ് അദ്ദേഹത്തിൻ്റെ സൃഷ്ടികൾ.
യൂറോപ്യൻ സമകാലീന കലാരംഗത്ത് പ്രഗത്ഭനായ കദെർ അത്തിയ ക്യൂറേറ്ററായി എത്തുന്നത് കൊച്ചി ബിനാലെയുടെ അന്താരാഷ്ട്ര സ്വത്വത്തിൻ്റെ പ്രതിഫലനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വാസുദേവൻ പറഞ്ഞു. ഫ്രാൻസിലെ ദുഗ്നിയിൽ ജനിച്ച അത്തിയ നിലവിൽ ഹാംബർഗ് യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സിൽ പ്രൊഫസറാണ്. 2022-ലെ ബെർലിൻ ബിനാലെയുടെ ക്യൂറേറ്ററായിരുന്ന അദ്ദേഹം ജോവാൻ മിറോ പ്രൈസ്, മാഴ്സൽ ദുഷാംപ് പ്രൈസ് തുടങ്ങിയ അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുണ്ട്. ഫ്രാൻസിലെ ഡഗ്നിയിൽ 1970ലാണ് ഖാദർ അത്തിയ ജനിച്ചത്. ചരിത്രം, ഓർമ, കൊളോണിയലിസത്തിൻ്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ സങ്കീർണ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിൻ്റെ സൃഷ്ടികൾ ലോകശ്രദ്ധ നേടിയിട്ടുണ്ട്.
2010-ൽ ആരംഭിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ, കേരള സർക്കാരിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലിക കലാമേളയാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളിലെ ചരിത്രപരമായ പശ്ചാത്തലത്തിൽ നടക്കാറുള്ള ഈ കലാമേള 110 ദിവസങ്ങള്‍ നീണ്ടുനിൽക്കും. ലോകോത്തര കലാസൃഷ്ടികളുടെ പ്രദർശനത്തോടൊപ്പം ശിൽപശാലകൾ, സാംസ്കാരിക പരിപാടികൾ, ആർട്ട് റെസിഡൻസികൾ എന്നിവയും ബിനാലെയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. 2027 ഡിസംബർ 12നാണ് ഏഴാം പതിപ്പ് ആരംഭിക്കുക. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി ബിനാലെയ്ക്ക് പുതിയ ക്യൂറേറ്ററുടെ നേതൃത്വം മികച്ച ദിശാബോധം നൽകുമെന്നാണ് കലാലോകത്തിൻ്റെ വിലയിരുത്തൽ.








