
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മിഡ്നൈറ്റ് സർപ്രൈസുമായി മമ്മൂട്ടി
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആണിന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. എന്നാൽ, പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മിഡ്നൈറ്റ് സർപ്രൈസ് നൽകി കൊണ്ട് തന്റെ പുതിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലുമാണ് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. കറുത്ത മുണ്ടും കറുത്ത ഷർട്ടുമാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം.

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 28നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒമ്പതാമത്തെ പടമാണിത്.









