
‘സ്ത്രീകള്‍ക്ക് ഇസ്‌ലാമില്‍ എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്’; കാന്തപുരത്തെ തള്ളി മുജാഹിദ് സംഘടനകള്‍
കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ തള്ളി മുജാഹിദ് സംഘടനകള്‍. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന അധ്യക്ഷന്‍ ടി പി അബ്ദുള്ളക്കോയ മദനിയും കെഎന്‍എം യുവജന വിഭാഗമായ ഐഎസ്എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹിയുമാണ് കാന്തപുരത്തിന് എതിരെ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് ഇസ്‌ലാമില്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളുമുണ്ടെനന്ന് ടി പി അബ്ദുള്ളക്കോയ മദനി പറഞ്ഞു. നബിയുടെ കാലത്ത് സ്ത്രീകള്‍ യുദ്ധത്തില്‍ പോലും പങ്കെടുത്തിട്ടുണ്ട്. സ്ത്രീവിരുദ്ധ സര്‍ക്കുലറിലൂടെ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കിയെന്നും അബ്ദുള്ളക്കോയ മദനി പറഞ്ഞു.

‘സ്ത്രീകള്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാം. അവര്‍ പങ്കെടുക്കരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. യുദ്ധരംഗങ്ങളിലും ഭരണകാര്യങ്ങളിലുമെല്ലാം സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും വിവേചനങ്ങളില്ല. സമൂഹത്തില്‍ നിന്ന് സ്ത്രീകളെ ഒറ്റപ്പെടുത്തുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്ന യാഥാസ്ഥിതിക ചിന്തകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ വിധിവിലക്കുകളെ കാലത്തിന് അനുസരിച്ച് ബോധവല്‍ക്കരണത്തിലൂടെ നേരിടുന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. അക്ഷരജ്ഞാനം പോലും സ്ത്രീകള്‍ക്ക് നല്‍കരുതെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അതില്‍ നിന്നൊക്കെ മാറ്റം വന്നില്ലേ. നബി ദിനത്തില്‍ സ്ത്രീകള്‍ പങ്കെടുത്തു. സ്ത്രീകള്‍ ഒരു പരിപാടിയിലും പങ്കെടുക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല’, അബ്ദുള്ളക്കോയ മദനി പറഞ്ഞു.

സ്ത്രീകളുടെ പൊതുരംഗ പ്രവേശം വിലക്കരുതെന്നായിരുന്നു ഷുക്കൂര്‍ സ്വലാഹിയുടെ പ്രതികരണം. സ്ത്രീയെ സംരക്ഷിക്കണമെന്ന പേരില്‍ അവളുടെ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക ഇടപെടലും പൊതുപ്രവര്‍ത്തനവും സഞ്ചാര സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്ന സമീപനം യഥാര്‍ത്ഥത്തില്‍ പുരുഷാധിപത്യ നിയന്ത്രണമാണ്. ഒരു സ്ത്രീക്ക് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ അവളെ വീട്ടിനുള്ളില്‍ അടച്ചിടുകയല്ല, മറിച്ച് അപകടകരമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. സ്ത്രീയും പുരുഷനും ഒരുപോലെ സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യുന്ന ഇടമാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പൊതുമണ്ഡലമെന്നും സ്വലാഹി പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്ത് സജീവമാകേണ്ടതില്ലെന്നും അവരുടെ സ്വാഭാവിക ഇടം വീടിന്റെ ചുവരുകള്‍ക്കുള്ളിലാണെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. അത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും കഴിവുകളെയും ചരിത്രപരമായ സാമൂഹിക പങ്കാളിത്തത്തെയും പിന്നോട്ടടിക്കുന്ന നിലപാടായി മാറും. ഇത്തരം വാദങ്ങള്‍ക്ക് ശക്തമായ മറുപടികള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളമുണ്ടെന്നും സ്വലാഹി പറഞ്ഞു.








