
തൃശൂരിൽ ഇന്ന് പുലികൾ ഇറങ്ങും; ഇത്തവണ ഒമ്പത് ദേശങ്ങൾ
തൃശൂർ: ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന പുലികളി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. അവസാനഘട്ട ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ട് പോവുകയാണ്. ഇത്തവണ ഒമ്പത് ദേശങ്ങളാണ് ഇറങ്ങുന്നത്. ഈ വട്ടം എന്തെല്ലാം വെറൈറ്റി ഉണ്ടാകുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരമാണ് സ്വരാജ് റൗണ്ടിൽ പുലികളി ആരംഭിക്കുക.

തൃശൂർ നഗരാതിർത്തിയിലെ വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്‌ക്കൽ ദേശം, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ ഒന്പത് ടീമുകളാണ് പുലികളിക്കെത്തുക. വരയൻ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികൾക്കൊപ്പം പെൺപുലികളും കുട്ടിപ്പുലികളും അണിനിരക്കും.

ഇന്ന് വൈകിട്ട് നാലിന് അതത് പ്രദേശങ്ങളിൽനിന്ന് പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക് നാളികേരമുടച്ച് സ്വരാജ് റൗണ്ട് ചുറ്റും. ദീപാലംകൃതമായ നിശ്ചല ദൃശ്യങ്ങളുമുണ്ടാകും. മനുഷ്യപ്പുലികളുടെ സമാനതകളില്ലാത്ത നൃത്തോത്സവം പതിനായിരങ്ങൾക്ക് ഹരമാകും. ആനയും എഴുന്നള്ളിപ്പുമില്ലാത്ത തൃശൂരിൻ്റെ രണ്ടാം പൂരമാണിത്. മന്ത്രി ഒജെ ജനീഷാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുക. പുതിയ ഭരണസമിതി വന്നതിന് ശേഷമുള്ള ആദ്യത്തെ പുലിക്കളിയാണിത്.

കോർപറേഷൻ പുലികളി സംഘങ്ങൾക്ക് 3,50,000-രൂപ സഹായധനമായി നൽകും. 1,75,000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. പുലികളിക്ക് ഒന്നാം സമ്മാനം 70,000- രൂപയും രണ്ടാം സമ്മാനം 60,000-രൂപയും മൂന്നാം സമ്മാനം 50,000-രൂപയും ട്രോഫിയും നൽകും. ഓരോ ടീമിനും 120 ലിറ്റർ മണ്ണെണ്ണയും കോർപറേഷൻ നൽകും. നിശ്ചലദൃശ്യം പുരാണം, നിശ്ചലദൃശ്യം സമകാലികം, പുലിക്കൊട്ട്, പുലി വേഷം, പുലി വണ്ടി, അച്ചടക്കം, പുലി വര, പുലിച്ചമയം എന്നിവയ്‌ക്കും സമ്മാനമുണ്ട്.








