
ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളച്ചത് അറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പിണറായി
തിരുവനന്തപുരം: ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയ വിവരം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രതികരണത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാർത്തകളിലൂടെയാണത്രെ! എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുകയോ?

ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലുള്ളപ്പോൾ ഗവർണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ്. അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ് എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വിജയൻ വിമർശിച്ചിരിക്കുന്നത്.

ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവർണർക്ക് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചു എന്നാണ് പറയുന്നത്. ആ കത്ത് പുറത്തുവിട്ടിട്ടുമില്ല. ഗവർണർക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതിരുന്നത്? പ്രതിപക്ഷം ഉന്നയിച്ചില്ലെങ്കിൽ ഈ ദുർബലമായ പ്രതികരണം പോലും ഉണ്ടാകുമായിരുന്നോ എന്നും പിണറായി വിജയൻ ചോദിച്ചു.

എൽഡിഎഫ് ഭരണകാലത്ത് ഗവർണറുടെ ഭാഗത്തുനിന്ന് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രി നേരിട്ടാണ് ഗവർണർക്ക് കത്തയച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നതെന്നും പിണറായി വിജയൻ ഓർമ്മിച്ചു. ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവർണറെയും ഗവർണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിർക്കാൻ ഭയമുള്ളതുകൊണ്ടാണോ മൗനം പാലിക്കുന്നത്? ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചത് താൻ സംഘർഷത്തിനില്ല എന്ന നിലപാട് ആവർത്തിക്കലാണ്.
ഉദ്യോഗസ്ഥരല്ല, രാഷ്ട്രീയ നേതൃത്വമാണ് ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തേണ്ടത്. സംസ്ഥാനത്തിന്റെ ഫെഡറൽ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഭരണഘടനാപരമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യമാണ്. പ്രതിഷേധിക്കാൻ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ നിന്ന് തെളിയുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.







