
കേന്ദ്ര നിർദ്ദേശം; പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ടെലഗ്രാം ആപ്പ് നീക്കി
ഡൽഹി: പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിനെ നീക്കം ചെയ്ത് ഗൂഗളിലും ആപ്പിളും. കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെ രാജ്യത്ത് ടെലഗ്രാമിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.

ചോദ്യപേപ്പർ ചോർച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ടെലഗ്രാമിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തീരുമാനിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 69A പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ടെലഗ്രാമിൽ നിലവിൽ പോസ്റ്റ് ചെയ്ത മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ 2026 ജൂൺ 30 വരെ ഇന്ത്യയിൽ റദ്ദാക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയതലത്തിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് പരീക്ഷയ്ക്ക് ശേഷം വ്യാജമായി ‘ചോദ്യപേപ്പർ ചോർച്ച’യുടെ തെളിവുകൾ നിർമ്മിക്കാൻ ടെലഗ്രാമിന്റെ ഈ പ്രത്യേക ഫീച്ചർ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അത് തടയാനാണ് ഈ നടപടിയെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

Tags:
admin
Related Post
- By admin
- 01 Views







