
വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ
വയനാട്: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി നാളെ കിഫ്കോണിനു കൈമാറും. സേവന കണക്ഷനുകളടക്കം പരിശോധനകളും പൂർത്തിയാക്കിയാണ് അന്തിമപരിശോധനയ്ക്കായി കൈമാറുന്നത്. ഇതിനകം 140 വീടുകൾ കിഫ്കോണിനു കൈമാറി. ബാക്കിയുള്ള 38 വീടുകളും നാളെ കൈമാറുമെന്ന് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ 102 വീടുകൾ കിഫ്കോണിനു കൈമാറിയിരുന്നു. ഇന്ന് 38 വീടുകൾ കൂടി അന്തിമപരിശോധനയ്ക്ക് നൽകിയതോടെ നിർമ്മാതാക്കളായ ഊരാളുങ്കൽ സൊസൈറ്റി കിഫ്കോണിനു പണി തീർത്തു കൈമാറിയ വീടുകൾ 140 ആയി. സേവനകണക്ഷനുകൾ നൽകുന്ന പ്രവൃത്തി പൂർത്തിയാക്കിയ ബാക്കി 38 വീടുകളാണ് നാളെ കൈമാറുന്നത്.
വീടുകളുടെ ഇന്റീരിയർ പൂർണ്ണമായും ചെയ്തു കഴിഞ്ഞു. സബ് സ്റ്റേഷനുകളിൽനിന്നു ഫീഡർ പില്ലറുകളിലേക്കും അവിടെ നിന്നു വീടുകളിലേക്കും വൈദ്യുതി എത്തുന്നത് മണ്ണിനടിയിലെ ഡക്റ്റുകൾ വഴിയാണ്. ഈ പ്രവർത്തനങ്ങളും പൂർത്തിയാക്കി. വിവിധ സേവനകേബിളുകളും വീടുകളുമായി ബന്ധിപ്പിച്ചു. പുരപ്പുറസോളാർ സംവിധാനവും സ്ഥാപിച്ചാണ് ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും കൈമാറുന്നത് എന്നും ഊരാളുങ്കൽസൊസൈറ്റി വ്യക്തമാക്കി.







