
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോണിനെതിരായ SFI പ്രതിഷേധം; കേസെടുത്ത് പൊലീസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോണിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ കേസ് എടുത്ത് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാർഥികൾക്ക് എതിരെയാണ് കേസ്. ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയതിനാണ് കേസ് എടുത്തത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം.
ബിരുദദാന ചടങ്ങിന് എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വേദിയിൽ സംസാരിച്ച് തുടങ്ങിയപ്പോൾ ബാനർ ഉയർത്തി ആയിരുന്നു ആദ്യം പ്രതിഷേധം. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ബാനറുകൾ താഴെ വയ്ക്കേണ്ടതില്ലെന്നും മന്ത്രി വേദിയിൽ നിന്നുതന്നെ പറഞ്ഞു എന്നാൽ പരിപാടി തടസ്സപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.
കാലടിയിലെ സമരം അക്രമമായിരുന്നു എന്നും ഗുണ്ടായിസം കാണിച്ച് വിദ്യാർത്ഥി പ്രസ്ഥാനം വളർത്താം എന്ന് വിചാരിച്ചാൽ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ മന്ത്രി പരിപാടി പൂർത്തിയാക്കാതെ വേദി വിട്ട് ഇറങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടതായും വിദ്യാർഥികൾ പറഞ്ഞു.








