Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKerala“മുടി വളർത്തുന്നത് സ്കൂൾ നിബന്ധനകൾക്ക് വിധേയം, ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം”; നിര്‍ദേശിച്ച് ബാലാവകാശ കമ്മിഷന്‍

“മുടി വളർത്തുന്നത് സ്കൂൾ നിബന്ധനകൾക്ക് വിധേയം, ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം”; നിര്‍ദേശിച്ച് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ തടയുന്നതിനും സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ നിരന്തരം പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കള്‍ കുട്ടികളുടെ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിക്കുന്നു.

ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപനം തട‍യാൻ ഇത് നിർണായകമാവും. എന്നാല്‍, കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും യാതൊരുവിധ പോറലുമേല്‍ക്കാത്ത രീതിയിലായിരിക്കണം പരിശോധന നടത്തേണ്ടത്.

കുട്ടികള്‍ മുടി വളര്‍ത്തുന്നതും കളര്‍ ചെയ്യുന്നതും മൊട്ടയടിക്കുന്നതും അവകാശമാണെങ്കിലും സ്‌കൂള്‍ അച്ചടക്കത്തിന്‍റെ നിബന്ധനകള്‍ക്കു വിധേയമായിരിക്കും. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനു അപകടമുണ്ടാക്കും.

സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്തു സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണം. സ്‌കൂള്‍ സമയത്ത് കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്കലംഘനമായി കാണണം. അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags