Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaനിർമാണചെലവ് 200 കോടി; കോട്ടയം മെഡിക്കൽ കോളെജിലെ സർജിക്കൽ ബ്ലോക്കിന്‍റെ സീലിങ് തകർന്നുവീണു

നിർമാണചെലവ് 200 കോടി; കോട്ടയം മെഡിക്കൽ കോളെജിലെ സർജിക്കൽ ബ്ലോക്കിന്‍റെ സീലിങ് തകർന്നുവീണു

കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലെ സീലിങ്ങിന്‍റെ ഒരു ഭാഗം തകർന്നുവീണു. ആളപായമില്ല.
നേത്രരോഗ വിഭാഗത്തിന് സമീപമാണ് സീലിങ് തകർന്നുവീണത്. രോഗികളും കൂട്ടിരിപ്പുകാരും ഡോക്റ്റർമാരെ കാണാനും വിവിധ പരിശോധനകൾക്കുമായി കാത്തിരിക്കുന്ന സ്ഥലമാണിത്. സംഭവസമയത്ത് പ്രദേശത്ത് രോഗികളാരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

മെഡിക്കൽ കോളെജിന്‍റെ വികസന പദ്ധതിയുടെ ഭാഗമായി ഏകദേശം 200 കോടി രൂപ ചെലവിലാണ് സർജിക്കൽ ബ്ലോക്ക് നിർമിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

മെഡിക്കൽ കോളെജിലെ പഴയ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നുവീണ് ഒരു സ്ത്രീ മരിച്ച് ഒരു വർഷം തികയുന്നതിനിടെയാണ് പുതിയ കെട്ടിടത്തിലും അപകടമുണ്ടായിരിക്കുന്നത്. പഴയ കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെയും വിവിധ വിഭാഗങ്ങളെയും തുടർന്ന് പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരുന്നതായി അധികൃതർ പറഞ്ഞു. നിലവിൽ നിരവധി വിഭാഗങ്ങളും വാർഡുകളും കിടത്തിചികിത്സാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

സർജിക്കൽ ബ്ലോക്കിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് (വിഎസിബി) പരാതികളും ലഭിച്ചിരുന്നു. സീലിങ് തകർന്നുവീഴാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags