
നാവിൻതുമ്പിൽ ഹരിശ്രീ മധുരം; വിരൽതുമ്പിൽ ആദ്യാക്ഷരം, വിദ്യാരംഭം കുറിച്ച് ആയിരങ്ങള്‍
കോട്ടയം: ആദ്യാക്ഷരം കുറിച്ച് അറിവിന്‍റെ ലോകത്തേക്ക് പിച്ചവെക്കാന്‍ പതിനായിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിലേക്കും സാംസ്കാരിക സ്ഥാപനങ്ങളിലെ വിദ്യാരംഭ മണ്ഡപങ്ങളിലേക്കും ഒഴുകിയെത്തി. ആദ്യം ആചാര്യന്മാര്‍ കുഞ്ഞുങ്ങളുടെ നാവിന്‍തുമ്പത്ത് ഹരിശ്രീ ഗണപതയേ നമ കുറിച്ചു. പിന്നെ ചൂണ്ടു വിരല്‍ പിടിച്ച് അരിയില്‍ ഹരിശ്രീ കുറിച്ചു. നാവില്‍ ഒരല്‍പ്പം മധുരവും നല്‍കി. അതോടെ അക്ഷരങ്ങളുടേയും പഠനത്തിന്‍റേയും മധുര ലോകത്തേക്ക് കുഞ്ഞുങ്ങള്‍ പ്രവേശിക്കുകയായി.
ക്ഷേത്രങ്ങളിലെ അരിയിലെഴുത്തിനെത്തിയ ചിലരൊക്കെ കരഞ്ഞു വിളിച്ചു. മറ്റു ചിലരാകട്ടെ ആചാര്യന്മാര്‍ പറയുമ്പോലെ ചെയ്തു. മറ്റു ചിലര്‍ എല്ലാം കൗതുകത്തോടെ നോക്കിക്കണ്ടു. പുണ്യ ദിനമായ വിജയദശമി നാളില്‍ കേരളത്തിലെ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളിലേയും വിദ്യാരംഭ ചടങ്ങുകളിലെ കാഴ്ചകള്‍ ഏതാണ്ട് സമാനമായിരുന്നു.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലും ദക്ഷിണ മൂകാംബികാ ക്ഷേത്രമായി അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും ആദ്യാഭരം കുറിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. തിരുവനന്തപുരത്ത് കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും മലപ്പുറം തിരൂരിലെ തുഞ്ചന്‍ പറമ്പിലും കോഴിക്കോട്ട് ശ്രീ പിഷാരികാവ് ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ക്ക് വന്‍ തിരക്കായിരുന്നു.
കേരളത്തിൽ വിജയദശമി നാൾ പ്രധാനമായും വിദ്യയുടെയും അറിവിൻ്റെയും പ്രതീകമായ വിദ്യാരംഭ ചടങ്ങുകൾക്കായാണ് (എഴുത്തിനിരുത്ത്) മാറ്റിവച്ചിരിക്കുന്നത്. ശിശുക്കളുടെ വിദ്യാരംഭം കുറിക്കുന്ന ഈ ചടങ്ങിൽ മൂന്ന് വയസിനും അഞ്ച് വയസിനും മധ്യേ പ്രായമുള്ള കുട്ടികളെ എഴുത്തിനിരുത്തുന്നതാണ് പതിവ്. ദുർഗാഷ്‌ടമി നാളിൽ സരസ്വതി ദേവിക്ക് മുന്നിൽ പൂജയ്ക്ക് വയ്ക്കുന്ന പുസ്‌തകങ്ങളും പണിയായുധങ്ങളും വിജയദശമി ദിവസം രാവിലെ പൂജയെടുക്കുന്നതും മറ്റൊരു പ്രധാന ചടങ്ങാണ്.








