Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogNationalടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ

ടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ

കോട്ട: ബോളിവുഡ് നടൻ ടൈഗർ ഷറോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിൽ. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ രാജസ്ഥാൻ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സും കോട്ട സിറ്റിപൊലീസും ചേർന്ന് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായ മൂന്നുപേരുമെന്നാണ് വിവരം.

മുംബൈ പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂനെ-ജയ്പൂർ എക്സ്പ്രസ് ട്രെയിൻ വളഞ്ഞാണ് സംയുക്ത സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ രണ്ടുപേർ വാടകക്കൊലയാളികളും മൂന്നാമത്തെയാൾ ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ സഹായമൊരുക്കിയ ആളുമാണെന്നാണ് പ്രാഥമിക നിഗമനം. ഹരിയാന സോനിപത് സ്വദേശിയായ 17-കാരനായ പ്രായപൂർത്തിയാകാത്ത ഒരാളും ബിഹാർ ബെഗുസരായ് സ്വദേശിയും നിലവിൽ മുംബൈ അന്ധേരി വെസ്റ്റിൽ റാപ്പിഡോ റൈഡറുമായ 22-കാരൻ ഋതിക് കുമാർ എന്ന റോഷൻ, ഹരിയാന സോനിപത് സ്വദേശിയായ 18-കാരൻ റെഹാൻ എന്നിവരാണ് അറസ്റ്റിലായത്.

നടന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് സംഘം ആക്രമണം നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും ടൈഗർ ഷറോഫ് ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം അക്രമികൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അവിടെനിന്ന് കാറിൽ മടങ്ങുന്ന സമയം കണക്കുകൂട്ടിയാണ് ആക്രമണം നടത്തിയത്. വെടിവെപ്പിന് ശേഷം എസ്.വി റോഡ് വഴി വൈലെ പാർലെ, അന്ധേരി ഭാഗത്തേക്ക് പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.

തുടർന്ന് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് ഉപേക്ഷിച്ച പ്രതികൾ ബോറിവിലി ഭാഗത്തേക്ക് ട്രെയിൻ കയറി. പിന്നീട് മഹാരാഷ്ട്ര അതിർത്തി കടന്ന് ഗുജറാത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. നേരത്തെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കറുത്ത തൊപ്പി ധരിച്ച ഒരാളും ഒപ്പമുള്ള മറ്റൊരാളും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് നാടകീയമായി പ്രതികളെ രാജസ്ഥാനിൽ വെച്ച് പിടികൂടാനായത്. പ്രതികളെ ഉടൻ തന്നെ കൂടുതൽ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags