Vazhchayugam

Live News

28.3°C
  • Kottayam
October 15, 2026
Follow Us:
VazhchayugamBlogKeralaPM ശ്രീയിൽ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സർക്കാരിനില്ല; തുടർനടപടി ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച്; മന്ത്രി എൻ ഷംസുദ്ദീൻ

PM ശ്രീയിൽ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സർക്കാരിനില്ല; തുടർനടപടി ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച്; മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സർക്കാരിനില്ലന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് പിന്മാറുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് നിയമസഭയിലെ മറുപടി. ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും തുടർനടപടി എന്നും മന്ത്രി പറഞ്ഞു. പദ്ധതി അറബിക്കടലിൽ എറിയാൻ ആർജ്ജവം ഉണ്ടെന്ന് പറഞ്ഞ യുഡിഎഫ് നേതാക്കൾ ഈ സഭയിൽ ഉണ്ടെന്ന് സിപിഐഎം നേതാവ് കെ എൻ ബാലഗോപാൽ എംഎൽഎ.

കേന്ദ്ര സർക്കാരുമായുള്ള കരാർ വിദ്യാഭ്യാസ മന്ത്രി സഭയിൽ വായിച്ചു. കഴിഞ്ഞ സർക്കാരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്. പിന്മാറാൻ കഴിയില്ലെന്ന് മുൻ സർക്കാരിനും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ സർക്കാർ പദ്ധതി നടപ്പിലാക്കാമെന്ന് സമ്മതിച്ചാണ് ഒപ്പിട്ടത്. ആ പ്രതിസന്ധിയാണ് ഇപ്പോഴുള്ള സർക്കാരിന്റെ മുന്നിലുള്ളത്. പദ്ധതിയിൽ നിന്ന് മാറാൻ കഴിയുക കേന്ദ്രസർക്കാരിന് മാത്രമാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

വിഷയത്തിൽ നിയമിച്ച സബ് കമ്മിറ്റി രണ്ട് പ്രാവശ്യം യോഗം ചേർന്നു. റിപ്പോർട്ട് വരുന്നതനുസരിച്ച് നടപടിയെടുക്കും. കഴിഞ്ഞ സർക്കാരിന്റെ ഉപസമിതി ഒരു യോഗം പോലും ചേർന്നിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ ഉപസമിതി ഏഴുമാസം അടയിരുന്നത് മാത്രമേയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി. പി എം ശ്രീ നടപ്പാക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു. 1607 കോടിരൂപയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പി എം ശ്രീ പദ്ധതിയുടെ കാലാവധി 2022 – 27 വരെയാണ്. 2027 മാർച്ചിൽ കാലാവധി അവസാനിക്കും. തുടരുമെന്ന കാര്യം രേഖാമൂലം കേന്ദ്രം അറിയിച്ചിട്ടില്ല. ‌എന്നാൽ ചില യോഗങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തടഞ്ഞു വച്ചിരിക്കുന്ന പണം ലഭിക്കാൻ കേസിന് പോകാൻ സർക്കാർ തയ്യാറാകണമെന്ന് കെ എൻ ബാല​ഗോപാൽ ആവശ്യപ്പെട്ടു. കേസിന് പോകാൻ തയ്യാറുണ്ടോ എന്ന് സർക്കാരിനെ കെ എൻ ബാലഗോപാൽ വെല്ലുവിളിച്ചു. പ്രതിസന്ധി ഉണ്ടാക്കിയിട്ട് ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ മറുപടി നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags