
ശബരിമലയിൽ നിയന്ത്രണങ്ങൾ കർശനം; നാലമ്പലത്തിനുള്ളിൽ ഫോട്ടോഗ്രാഫിക്കും വീഡിയോ ചിത്രീകരണത്തിനും വിലക്ക്
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നാലമ്പലങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫിക്കും വീഡിയോ ചിത്രീകരണത്തിനും പൂർണ നിരോധനം ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ല കലക്ടർ എ നിസാമുദ്ദീനാണ് ഉത്തരവിറക്കിയത്.
സുരക്ഷ, ഔദ്യോഗിക ആവശ്യങ്ങൾ എന്നിവയ്ക്കായി ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയോടെ നടത്തുന്ന ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധനത്തിൻ്റെ പരിധിയിൽ ഉൾപ്പെടില്ല. നാലമ്പലങ്ങൾക്കുള്ളിലെ അനിയന്ത്രിതമായ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും തീർഥാടകരുടെ സുഗമമായ ദർശനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തിക്കും തിരക്കും വർധിക്കുന്നതിനും തൽഫലമായി അപകടസാധ്യത കൂടുന്നതിനും കാരണമാകുന്നതിനാലാണ് കർശന നിരോധനം ഏർപ്പെടുത്തിയത്. വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
ശബരിമല തീർഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികളുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഡ്രോൺ ഉപയോഗിക്കാൻ പാടുള്ളൂ.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ കേന്ദ്രങ്ങളും അനുബന്ധ വനമേഖലകളും തീർഥാടന കാലയളവിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന അതിലോലമായ പ്രദേശങ്ങളാണ്. ഈ മേഖലകളിൽ അനധികൃതമായി ഡ്രോൺ ഉപയോഗിക്കുന്നത് തീർഥാടകരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകും. കൂടാതെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നതിനാലും വനമേഖലയിലെ വന്യജീവികൾക്ക് ശല്യമുണ്ടാക്കുന്നതിനാലുമാണ് ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയത്.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് നവംബർ 11 മുതൽ 2027 ജനുവരി 25 വരെ പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാടന പാതയിൽ അനധികൃത വഴിയോര കച്ചവടം നിരോധിച്ചു. വടശ്ശേരിക്കര മുതൽ അട്ടത്തോട് വരെയുളള തീർഥാടന പാതകളുടെ വശങ്ങളിൽ ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും കലക്ടർ നിരോധിച്ചിട്ടുണ്ട്. തീർഥാടന കാലയളവിൽ ളാഹ മുതൽ സന്നിധാനം വരെയുള്ള ഹോട്ടലുകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി.
ഗ്യാസ് സിലിണ്ടറുകൾ അപകടകരമായ രീതിയിൽ പൊതുസ്ഥലങ്ങളിൽ സൂക്ഷിക്കുന്നതിനും വിലക്കുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതും കർശനമായി നിരോധിച്ചു. ഇക്കാലയളവിൽ ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതിനും പാചകം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും നിരോധനമുണ്ട്.
മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയത്. തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ സുരക്ഷാ കാര്യങ്ങളിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നത്. ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള സുരക്ഷിതമായ തീർഥാടനം ഉറപ്പാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.








