Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaസംസ്ഥാന സ്‌കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം; ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

സംസ്ഥാന സ്‌കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം; ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവ്. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.ആവശ്യമായ സൗകര്യങ്ങൾ, അംഗീകൃത മത്സരക്രമം, പ്രായവിഭാഗം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കി പ്രത്യേക ജില്ലാ/സംസ്ഥാനതല മത്സരം അല്ലെങ്കിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ട്രയൽ നടത്താനുള്ള സാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനിക്കണം.

ദേശീയതല മത്സരത്തിൻ്റെ തീയതി, യോഗ്യതാ മാനദണ്ഡങ്ങൾ, എൻട്രി സമർപ്പിക്കേണ്ട തീയതി എന്നിവ കണക്കിലെടുത്ത് കുട്ടികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. 2026–27 അധ്യയന വർഷത്തെ ദേശീയ സ്‌കൂൾ കായികമേളയുടെ മത്സരക്രമത്തിൽ റഗ്ബി ഉൾപ്പെടുത്തണം. സംസ്ഥാന സ്‌കൂൾ കായികമേളയുടെ മാനുവലിൽ റഗ്ബി ഉൾപ്പെടുത്തുന്നതിനാവശ്യമായ ഭേദഗതി വരുത്തണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ ഡോ. എഫ് വിൽസൺ, പി ഷാജേഷ് ഭാസ്‌കർ എനിവരടങ്ങിയ ഫുൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ, സ്പോർട്‌സ് ഓർഗനൈസർ, കേരള സ്റ്റേറ്റ് സ്‌കൂൾ ഗെയിംസ് ജോയിൻ്റ് ഡയറക്‌ടർ എന്നിവരാണ് എതിർകക്ഷികൾ. തിരുവനന്തപുരം പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിൽ പഠിക്കുന്ന അമേയ സന്ദീപാണ് ഹരജിക്കാരി. നാഷണൽ റഗ്ബി ചാമ്പ്യൻഷിപ്പ് 2026 അണ്ടർ-18 ഗേൾസ് ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കായികതാരമാണ് അമേയ.

സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SGFI) നടത്തുന്ന 70-ാമത് നാഷണൽ സ്‌കൂൾ ഗെയിംസിൽ റഗ്ബി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കേരള സ്റ്റേറ്റ് ഗെയിംസ് മാനുവലിൽ റഗ്ബി ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. ഇതുമൂലം സംസ്ഥാനത്ത് റഗ്ബി കളിക്കുന്ന നിരവധി കുട്ടികൾക്ക് അവസരം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച് ഹർജിക്കാരി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യം ഗൗരവമായി സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് വച്ചാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ചാത്തമംഗലം എൻഐടി ഗ്രൗണ്ടായിരിക്കും പ്രധാന വേദി. നേരത്തെ കണ്ണൂരായിരിക്കും സംസ്ഥാന കായികമേളയുടെ വേദിയെന്ന സൂചന ഉണ്ടായിരുന്നെങ്കിലും അത് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags