
ഇന്ന് ഗാന്ധി ജയന്തി
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഇന്ന് (ഒക്ടോബർ 2) സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിയൻ ആശയങ്ങളും സന്ദേശങ്ങളും സ്മരിക്കുന്നതിനൊപ്പം ശുചിത്വ ബോധവൽക്കരണ ദിനമായി കൂടിയാണ് ഇന്ന് ആചരിക്കുന്നത്.
രാവിലെ മുതൽ വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർത്ഥനായോഗങ്ങളും ആരംഭിക്കും. “സ്വച്ഛത ഹി സേവ” (ശുചിത്വമാണ് സേവനം) പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ബഹുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ഇന്നു സംഘടിപ്പിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ ശുചീകരണ യജ്ഞം പുരോഗമിക്കുന്നു.
വിദ്യാലയങ്ങളിൽ ഗാന്ധിജി പ്രഭാവം വിളിച്ചോതുന്ന പ്രഭാതഫേരി, ക്വിസ് മത്സരങ്ങൾ, ചിത്രരചന, ഗാന്ധിസന്ദേശ പ്രസംഗങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഖാദി ഉൽപ്പന്നങ്ങളുടെ പ്രചാരണാർത്ഥം പ്രത്യേക കിഴിവോടെയുള്ള ഖാദി മേളകൾക്കും ഇന്ന് തുടക്കമാകുo. ഗാന്ധിജിയുടെ അഹിംസാധിഷ്ഠിത പോരാട്ടങ്ങളെയും ലളിത ജീവിതത്തെയും ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി സാംസ്കാരിക സമ്മേളനങ്ങളും ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.








