
ചരിത്രത്തില്‍ ആദ്യം; ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ഡല്‍ഹിക്ക് പുറത്തേക്ക്, 72-ാമത് അവാര്‍ഡ് ദാനം ഗുജറാത്തില്‍ വച്ച്
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്. ഗുജറാത്തിലെ കെവാദിയയിലേക്കാണ് (ഏകതാ നഗർ) വേദി മാറ്റിയത്. സെപ്തംബർ 22 ന് നടക്കാനിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതികൾ സമ്മാനിക്കും.

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നത്. കെവാദിയയിലുള്ള സ്റ്റാച്യൂ ഓഫ് യുണിറ്റിയാണ് പുരസ്കാരദാന ചടങ്ങിന് വേദിയാവുക. സർദാർ വല്ലഭായ് പട്ടേലിൻ്റെ 597 അടി ഉയരമുള്ള ഈ പ്രതിമ 2018ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.

1954 ൽ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ആരംഭിച്ചത് മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കാറുള്ളത്. ഈ പാരമ്പര്യത്തിനാണ് 72-മത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിലൂടെ 2026 സെപ്തംബർ 22 ന് മാറ്റം വരാൻ പോകുന്നത്.









