
വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ടി ജി മോഹൻദാസ് കസ്റ്റഡിയിൽ
കൊച്ചി: ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സംഘപരിവാർ നേതാവ് ടി ജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ ഇന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 11 ദിവസങ്ങൾക്ക് ശേഷമാണ് മുഖം രക്ഷിക്കൽ നടപടി എന്നവണ്ണം ഇപ്പോൾ പൊലീസ് എത്തിയിരിക്കുന്നത്.

സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും അവരുടെ വസ്ത്രധാരണത്തെ പരിഹസിച്ചും ടി ജി മോഹൻദാസ് മോശമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടും നാല് ദിവസത്തിന് ശേഷം ജൂലൈ 29 നാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.

അതേസമയം, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ താനല്ല തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് പൊലീസ് റെയ്ഡിന് ഒരുങ്ങിയത്.









