
ബേക്കറികളിലൂടെ വീര്യമുള്ള വൈന് വില്പ്പന ആരംഭിച്ചു; ആദ്യ വില്പ്പന ചാലക്കുടിയില്
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ വൈന് (വീഞ്ഞ്) വില്പ്പന ആരംഭിച്ചു. 15 ശതമാനം വീര്യമുള്ള ഹോര്ട്ടി വീഞ്ഞ് വില്പ്പനയാണ് ആരംഭിച്ചത്. പഴങ്ങളില് നിന്ന് നിര്മിക്കുന്ന വീഞ്ഞാണ് ഹോര്ട്ടി വൈന് എന്നറിയപ്പെടുന്നത്. ആദ്യ വില്പ്പന ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി ഇന്ന് ചാലക്കുടി ബിവറേജസ് വെയര്ഹൗസില് നിന്ന് 7 കെയ്സ് വൈന് ഈ ബേക്കറി വാങ്ങി.
മുന് ലൈസന്സ് പ്രകാരം ബേക്കറികള്ക്ക് തങ്ങളുടെ വെയര്ഹൗസില് നിന്ന് ഹോള്സെയില് വില്പ്പന ആരംഭിച്ചതായി ബിവറേജസ് കോര്പ്പറേഷന് അറിയിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ബിവറേജസ് കോര്പ്പറേഷനു പുറത്തുള്ള സ്ഥാപനങ്ങളിലൂടെ വില്ക്കുന്നതു സംബന്ധിച്ച തീരുമാനം പുതിയ സര്ക്കാര് മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് വന് വിവാദങ്ങള്ക്കു വഴി തെളിച്ചേക്കാവുന്ന തരത്തില് ബേക്കറികള് വഴി വൈന് വില്പ്പന ഇന്നു മുതല് സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. 2024 ജനുവരി 24 നാണ് ഇതു സംബന്ധിച്ച അബ്കാരി ചട്ടങ്ങളില് ഭേദഗതി വരുത്തിയുള്ള ഉത്തരവ് വരുത്തി രണ്ടാം പിണറായി സര്ക്കാര് ഉത്തരവിറക്കിയത്. ഫോറിന് ലിക്വര് അമെന്ഡ്മെന്റ് റൂള് എന്ന പേരിലാണ് ഇതു സംബന്ധിച്ച ചട്ടം 2024 ല് കൊണ്ടു വന്നത്. ഹോര്ട്ടി വൈനിൻ്റെ ചില്ലറ വില്പ്പന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ചട്ടം കൊണ്ടു വന്നത്.
ഹൈപ്പര്മാര്ക്കറ്റുകള്, സൂപ്പര്മാര്ക്കറ്റുകള്, ഷോപ്പിംഗ് മാളുകള്, 100 ചതുരശ്രമീറ്ററില് കുറയാത്ത വിസ്തീര്ണമുള്ള ബേക്കറികള് എന്നിവിടങ്ങളിലാണ് വില്പ്പനയ്ക്ക് അനുമതിയുള്ളത്. എന്നാല് വാങ്ങുന്നിടത്ത് വച്ച് വൈന് ഉപയോഗിക്കാന് അനുമതിയില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. 10,000 രൂപയാണ് വാര്ഷിക ലൈസന്സ് ഫീസ്. 1953 ലെ അബ്കാരി നിയമത്തില് ഭേഗദതി വരുത്തിയാണ് പുതിയ ഉത്തരിറക്കിയിരിക്കുന്നത്. ഇത്തരത്തില് വൈന് ലൈസന്സ് എടുക്കുന്ന ബേക്കറികള്, ഹൈപ്പര്മാര്ക്കറ്റുകള്, ഷോപ്പിംഗ് മാളുകള്, സൂപ്പര്മാര്ക്കറ്റുകള് എന്നിവയ്ക്ക് 20 ശതമാനം കമ്മിഷനാണ് നിശ്ചയിച്ചിട്ടുള്ളത്. 2024 ല് അടിയന്തരമായി നടപ്പാക്കണമെന്ന ശുപാര്ശയോടെയാണ് ഉത്തരവിറക്കിയതെങ്കിലും എതിര്പ്പ് ഭയന്ന് തീരുമാനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാല് ഈ തീരുമാനം നടപ്പാക്കാന് രഹസ്യമായി സര്ക്കാര് എക്സൈസ് വകുപ്പിനും ബിവറേജസ് കോര്പ്പറേഷനും നിര്ദ്ദേശം നല്കുകയായിരുന്നു. സംസ്ഥാനത്ത് ഹോര്ട്ടി വൈന് നിര്മിക്കുന്നതിന് രണ്ട് കമ്പനികള്ക്കാണ് എക്സൈസ് വകുപ്പ് അനുമതി നല്കിയിരിക്കുന്നത്.









