Vazhchayugam

Live News

28.3°C
  • Kottayam
November 1, 2026
Follow Us:
VazhchayugamBlogKeralaപിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം മുൻ ചെയർമാൻ എം കെ സക്കീറിലേക്കും

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം മുൻ ചെയർമാൻ എം കെ സക്കീറിലേക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം മുൻ ചെയർമാൻ എം കെ സക്കീറിലേക്കും. തട്ടിപ്പ് സംശയിക്കുന്ന രണ്ട് പരീക്ഷകള്‍ സക്കീറിന്‍റെ കാലത്താണ് നടന്നത്. എം കെ സക്കീറിൻ്റെ കാലത്ത് നടന്ന ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസർ, ഖാദി ബോര്‍ഡ് ഇന്‍സ്പെക്ടർ പരീക്ഷകളിൽ ക്രമക്കേട് നടന്നതായാണ് പരാതി. എം കെ സക്കീറിന്‍റെ കാലത്തെ പരീക്ഷയിലാണ് ചെയര്‍മാനെ പ്രതിചേര്‍ത്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കി എം കെ സക്കീറിനെ ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു എം കെ സക്കീർ.

പരീക്ഷാ ക്രമക്കേട് കേസില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടിലാണ് കേസ്. എം ആര്‍ ബൈജുവിനെ കൂടാതെ പിഎസ്‌സി അംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. പ്രതികള്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കി അന്യായ നേട്ടം ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിലൂടെ പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി. അധികാര ദുര്‍വിനിയോഗം ചെയ്ത് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയ എന്നും എഫ്‌ഐആറിലുണ്ട്.

എം ആര്‍ ബൈജുവിനെയും അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ള സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആസൂത്രണബോര്‍ഡ് പരീക്ഷയില്‍ പിഎസ്സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമായിരുന്നു ചെയര്‍മാന്റെ വാദം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിര്‍ദേശിക്കാനും അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാര്‍ക്ക് 40-ല്‍നിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ചെയര്‍മാന്‍ മൊഴി നല്‍കിയിരുന്നു.

പിഎസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്ഐടി നീക്കം തുടങ്ങിയത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഹൈക്കോടതി, പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പരീക്ഷാ തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഹരിയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പി സതീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് നിന്നായിരുന്നു പി സതീഷിനെ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags