
മധുരം ജീവിതം: ആത്മഹത്യാ വിരുദ്ധ ബോധവത്കരണ പരിപാടിക്ക് വൈക്കം താലൂക്ക് ആശുപത്രിയിൽ തുടക്കമായി
വൈക്കം:സമൂഹത്തിൽ വർധിച്ചു വരുന്ന ആത്മഹത്യപ്രവണത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ചു വർഷം നീളുന്ന വിപുലമായ ബോധവൽക്കരണ പരിപാടിക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മധുരം ജീവിതമെന്നപേരിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലെ ആറു പഞ്ചായത്തുകളിലും ജനങ്ങളെ ബോധവത്കരിക്കുന്നതിനും മാനസിക പിന്തുണ നൽകുന്നതിനുമായി ആരംഭിച്ച ബോധവത്ക്കരണ പരിപാടി വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സന്നദ്ധ സംഘടനകൾ ആരോഗ്യ പ്രവർത്തകർ ആശാ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി സമുഹത്തിലെ നാനാതുറകളിലുള്ളവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ ഡോക്ടർമാരുടെ സംഘടനയുടേയും ഡി എം ഒ യുടെയും സജീവ പിന്തുണയുണ്ട്.
അഞ്ചുവർഷം നീളുന്ന പദ്ധതിയ്ക്കായി ഈ വർഷം രണ്ടര ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ബോധവത്കരണ പരിപാടിയുടെ അംബാസിഡർ ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയക്ഷ്മിയാണ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത സോമൻ, ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.ബി.ഷാഹുൽ, വൈക്കം ഡിവൈഎസ്പി കെ.എൻ.രാജേഷ്, വൈക്കം താലൂക്ക് ആശുപത്രിയിലെ മാനസികരോഗ വിദഗ്ധ ഡോ.ജി.രൂപശ്രീ,കൊതവറ കോളജ് എൻ എസ് എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ റോയ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.വി.ഹരിക്കുട്ടൻ, ടി.എൻ.സിബി, പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.








