
ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മദിനാചരണം; കരുതലിന്റെ സന്ദേശവുമായി ഫൗണ്ടേഷൻ
പുതുപ്പള്ളി: ജനങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തിയ ജനനായകൻ ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മദിനം ഒക്ടോബർ 31-ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ജനസേവനത്തിന്റെയും സന്ദേശമുയർത്തി ആചരിക്കും. ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ തിരുമുറ്റത്താണ് പ്രത്യേകം തയാറാക്കിയ പന്തലിൽ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ‘കരുതലും വികസനവും’ എന്ന സന്ദേശത്തിലൂന്നി അർഹരായവർക്ക് കൈത്താങ്ങാകുന്നതിനും വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പിന്തുണ ഉറപ്പാക്കുന്നതിനും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്നതിനുമാണ് ഇത്തവണത്തെ ആഘോഷത്തിൽ പ്രാധാന്യം നൽകുന്നത്.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി 6 കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറും. എം.ജി.എം. ഗ്രൂപ്പുമായി സഹകരിച്ച് നൂറ് വിദ്യാർഥികൾക്ക് ഒരു വർഷം സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഉമ്മൻ ചാണ്ടി വിദ്യാകിരൺ പദ്ധതിക്കും തുടക്കമിടും. ആയിരം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനൊപ്പം അനാഥാലയങ്ങളിൽ ഭക്ഷണവിതരണം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
ഉമ്മൻ ചാണ്ടിയുടെ കരുതലും കാരുണ്യവും പ്രവർത്തനങ്ങളിലൂടെ തുടരുകയാണ് ഫൗണ്ടേഷൻ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഭവനരഹിതർക്കായി 48 വീടുകൾ നിർമിച്ചുനൽകി. 25 വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ വിദ്യാർഥികൾക്ക് പ്രോത്സാഹനമേകുന്നതിനായി 1000 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണവും നടത്തപ്പെടും.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 18 പേരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കും. കെ. വിജി ബാബുരാജന് വിശ്വശാന്തി പുരസ്കാരവും സി.പി. സാലിഹിന് വ്യവസായരത്ന പുരസ്കാരവും സി.എച്ച്. ഇബ്രാഹിംകുട്ടിക്ക് വിദ്യാമിത്ര പുരസ്കാരവും സമ്മാനിക്കും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽനിന്നുള്ള എട്ട് കർഷകരെ കർഷകശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. ക്ഷീരകർഷക മറിയാമ്മ തോമസിന് ക്ഷീരശ്രേഷ്ഠ പുരസ്കാരവും യുവകർഷകൻ ശാലു കുര്യാക്കോസിന് യുവഹരിതശ്രേഷ്ഠ പുരസ്കാരവും നൽകും.
മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൺ മുഖ്യാധിതിയായി പങ്കെടുക്കും . വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മറ്റ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഉമ്മൻ ചാണ്ടിയുടെ ജന്മദിനം കേവലം അനുസ്മരണച്ചടങ്ങായി ഒതുങ്ങാതെ, അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച കരുതലും കാരുണ്യവും ജനസേവനവും പുതിയ തലമുറയിലേക്ക് പകരുന്ന ദിനമായി മാറ്റുകയാണ് ലക്ഷ്യമെന്നും അർഹരായവർക്ക് സഹായമെത്തിച്ചും വിദ്യാർഥികൾക്ക് അവസരങ്ങൾ ഒരുക്കിയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചും ഉമ്മൻ ചാണ്ടിയുടെ സേവനപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുമെന്നും അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു.








