
മോദിയുടെ വാരാണസിയില്‍ ബിജെപിക്ക് തിരിച്ചടി; സമാജ്വാദി പാര്‍ട്ടിക്ക് ജയം
ലഖ്നൗ: എല്‍സി തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ ബിജെപിക്ക് തിരിച്ചടി. ടീച്ചേഴ്സ് മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലെ തോല്‍വി ബിജെപിക്ക് തിരിച്ചടിയായി.
വാരാണസി ടീച്ചേഴ്സ് മണ്ഡലത്തില്‍ എസ് പി സ്ഥാനാര്‍ത്ഥി ലാല്‍ ബിഹാരി യാദവ് ആണ് വിജയിച്ചത്. ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ അശുതോഷ് സിന്‍ഹയും വിജയിച്ചു. പിന്നാലെ വിജയത്തില്‍ അഖിലേഷ് യാദവിനെ പ്രശംസിച്ച് ലാല്‍ ബിഹാരി യാദവ് രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കാന്‍ എസ്പി ശക്തരാണെന്നും അഖിലേഷ് യാദവിനോടുള്ള ജനങ്ങളുടെ താല്പര്യമാണ് ഫലത്തില്‍ പ്രകടമായത് എന്നുമായിരുന്നു പ്രതികരണം.
ആകെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്കാണ് മേല്‍ക്കൈ എങ്കിലും ആഗ്ര സീറ്റിലും എസ്പിക്കാണ് വിജയം. ലഖ്നൗവിലെ ടീച്ചേഴ്സ്, മീററ്റ്-ഷഹറാന്പൂരിലെ ടീച്ചേഴ്സ്, ബാരെല്ലി-മൊറാദാബാദിലെ ടീച്ചേഴ്സ്, മീററ്റ്-ഷഹറാന്പൂരിലെ ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളില്‍ ബിജെപി ഇതിനകം വിജയിച്ചു. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമായി കണക്കാക്കപ്പെടുന്നതാണ് എല്‍സി തെരഞ്ഞെടുപ്പുകള്‍. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ലഭിച്ച മേല്‍ക്കൈ പോസിറ്റീവ് ആയാണ് എസ്പി കണക്കാക്കുന്നത്.








