Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogTamilnaduതമിഴ്നാട് ജയിൽ ചാട്ടം: പ്രതികൾക്കായി അമച്ചിയാപുരം വനമേഖല വളഞ്ഞ് പൊലീസ്, നൂറോളം പൊലീസുകാർ വനത്തിനുള്ളിൽ

തമിഴ്നാട് ജയിൽ ചാട്ടം: പ്രതികൾക്കായി അമച്ചിയാപുരം വനമേഖല വളഞ്ഞ് പൊലീസ്, നൂറോളം പൊലീസുകാർ വനത്തിനുള്ളിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി സബ് ജയിലില്‍ നിന്ന് തടവുചാടിയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ജയിൽ ചാടിയ 17 തടവുകാരിൽ നാല് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി അമച്ചിയാപുരം വനമേഖല വളഞ്ഞിരിക്കുകയാണ് പൊലീസ്. നാല് പേരും മലയിൽ ഒളിവിൽ കഴിയുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അവിടം കേന്ദ്രീകരിച്ച് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. ജയിലിന് പുറകുഭാഗത്തായാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്. നൂറോളം പൊലീസുകാരാണ് നിലവിൽ വനമേഖലയിൽ പരിശോധന നടത്തുന്നത്. ഇന്നലെ 8 പേർ പിടിയിലായതും ഇതേ പ്രദേശത്ത് നിന്നായിരുന്നു. ഇവരുടെ ചിത്രങ്ങളും വിവരങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് നാടകീയമായ ജയിൽച്ചാട്ടം അരങ്ങേറിയത്. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതുപോലെ അഭിനയിക്കുകയും, ഇത് കണ്ട് സഹായത്തിനെത്തിയ വാർഡനെയും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും 17 പേർ ചേർന്ന് ആക്രമിച്ച ശേഷം കൂട്ടത്തോടെ കടന്നുകളയുകയുമായിരുന്നു. പൊലീസ് രേഖകൾ പ്രകാരം രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 19-നും 26-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. കൊലപാതകശ്രമം, മയക്കുമരുന്ന് കേസുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് പിടിയിലായവരിൽ പലരും.

“ജയിലിനു ചുറ്റുമുള്ള വനവും പർവതപ്രദേശങ്ങളും കണക്കിലെടുത്ത്, തുടക്കത്തിൽ തന്നെ എല്ലാ എക്സിറ്റ് പോയിന്റുകളും പൊലീസ് അടച്ചിരുന്നു. തടവുകാരെ കണ്ടെത്തുന്നതിനായി മൂന്ന് പ്രത്യേക ഡ്രോണുകളും 17 പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും ദക്ഷിണ മേഖലാ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിജയേന്ദ്ര ബിദാരി വ്യക്തമാക്കി.

അതേസമയം, ഭരണവീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ സംഭവം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വിജയിയുടെ ഭരണം വൻ പരാജയമാണെന്നാണ് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ആരോപിച്ചത്. 1995-ന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ ജയിൽച്ചാട്ടമാണിതെന്നും, ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ കാലത്ത് ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദിവസങ്ങൾക്ക് മുൻപ് ചെന്നൈ പുഴൽ ജയിലിൽ നിന്ന് സമാനമായ രീതിയിൽ തടവുകാർ ചാടിയതും സ്റ്റാലിൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർച്ചയായുള്ള ഈ സുരക്ഷാ വീഴ്ചകൾ സർക്കാരിനും ആഭ്യന്തര വകുപ്പിനും മേലുള്ള സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags