
വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍
കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. ശ്രീനാരായണീയര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനവിക ദര്‍ശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വര്‍ഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശന്‍ നിലയുറപ്പിക്കുന്നത്?. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കണം. ഈ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാകണം സംവാദം തുടങ്ങേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
‘അന്ന് ആലപ്പുഴയിലെ പ്രസംഗത്തിൽ ഞാൻ ചോദിച്ചത് സി. കേശവനില്‍ നിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്നാണ്. ആ ചോദ്യത്തിന് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍, ‘ഞാന്‍ ഹിന്ദുവാണ്’ എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ശ്രീനാരായണഗുരു ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. ഗുരുവിനെ ആജീവനാന്ത അധ്യക്ഷനാക്കിക്കൊണ്ട് രൂപീകരിച്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ഗുരുദര്‍ശനങ്ങള്‍ പിന്തുടരാന്‍ ശിവഗിരിയില്‍ സ്ഥാപിച്ച ധര്‍മ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ ‘ഹിന്ദു’ എന്ന വാക്ക് കാണാന്‍ കഴിയില്ല’ – ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.








