Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaകുട്ടിക്ക് ജീവിക്കാൻ അവകാശമുണ്ട്, ജനിതക വൈകല്യമുള്ള കുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയ മാതാപിതാക്കൾക്ക് കാരുണ്യപ്പാത കാട്ടി ഹൈക്കോടതി

കുട്ടിക്ക് ജീവിക്കാൻ അവകാശമുണ്ട്, ജനിതക വൈകല്യമുള്ള കുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയ മാതാപിതാക്കൾക്ക് കാരുണ്യപ്പാത കാട്ടി ഹൈക്കോടതി

എറണാകുളം: ഗർഭസ്ഥ ശിശുവിന് അപൂർവ്വമായ ജനിതക വൈകല്യം കണ്ടെത്തിയതിനെ തുടർന്ന് ഗർഭഛിദ്രത്തിന് അനുമതി തേടിയെത്തിയ ദമ്പതികൾക്ക് വേറിട്ടൊരു വഴി കാണിച്ച് ഹൈക്കോടതിയുടെ ചരിത്രപരമായ ഇടപെടൽ. 33 ആഴ്‌ച പിന്നിട്ട ഗർഭാവസ്ഥയിൽ കുഞ്ഞിൻ്റെ ജീവൻ ഇല്ലാതാക്കേണ്ടതില്ലെന്നും, പ്രസവശേഷം കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ടാണെങ്കിൽ സുരക്ഷിതമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യൂ.സി) കൈമാറാമെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഉത്തരവിട്ടു.

കുഞ്ഞിൻ്റെ അസ്ഥികളുടെയും തരുണാസ്ഥികളുടെയും സ്വാഭാവിക വളർച്ചയെ ബാധിക്കുന്ന ‘സ്കെലിറ്റൽ ഡിസ്പ്ലാസിയ’ എന്ന അപൂർവ്വ ജനിതകാവസ്ഥയാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് 33 ആഴ്ചയിലധികം പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, കോടതി നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധ മെഡിക്കൽ ബോർഡ് ഈ അപേക്ഷയെ ശക്തമായി വിയോജിച്ചു. കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് മാരകമായ രോഗാവസ്ഥയല്ലെന്നും, അതിനാൽ ഗർഭഛിദ്രം നടത്തേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചു. കൃത്യമായ ജനിതക പരിശോധനകൾ ഇല്ലാതെ കുഞ്ഞിന് ഭാവിയിൽ മാനസികമായ വളർച്ചക്കുറവുണ്ടാകുമോ എന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്നും ബോർഡ് വ്യക്തമാക്കി. ഇതിനൊപ്പം തന്നെ, ദമ്പതികൾക്ക് കുഞ്ഞിനെ സംരക്ഷിക്കാൻ താല്‍പര്യമില്ലെങ്കിൽ പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ സി.ഡബ്ല്യു.സി-ക്ക് കൈമാറാവുന്നതാണെന്ന മാനുഷികമായ നിർദേശവും അവർ മുന്നോട്ടുവെച്ചു.

മെഡിക്കൽ ബോർഡിൻ്റെ ഈ നിർണായക റിപ്പോർട്ട് കണക്കിലെടുത്ത ദമ്പതികൾ ഗർഭഛിദ്രം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയും, പ്രസവശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറാൻ അനുമതി നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെടുകയുമായിരുന്നു. ദമ്പതികളുടെ ഈ ആവശ്യം പൂർണമായി അംഗീകരിച്ച കോടതി, പ്രസവശേഷം കുഞ്ഞിനെ കൈമാറാൻ നിയമപരമായ അനുമതി നൽകി ഉത്തരവിടുകയായിരുന്നു.

വൈദ്യശാസ്ത്ര ജേണലുകൾ പ്രകാരം, അസ്ഥികളുടെയും തരുണാസ്ഥികളുടെയും വളർച്ചയെ ബാധിക്കുന്ന നാനൂറിലധികം വരുന്ന അപൂർവ്വ ജനിതക രോഗങ്ങളുടെ ഒരു കൂട്ടമാണിത്. ഇതിൽ കുട്ടികളിൽ കുള്ളൻ അവസ്ഥയ്ക്ക് കാരണമാകുന്ന ‘അക്കോൺഡ്രോപ്ലാസിയ’, അസ്ഥികൾ പെട്ടെന്ന് പൊട്ടിപ്പോകുന്ന അവസ്ഥ, ‘ഹൈപ്പോകോൺഡ്രോപ്ലാസിയ’ തുടങ്ങിയ മാരകമല്ലാത്ത രോഗാവസ്ഥകൾ ഉൾപ്പെടുന്നു.
ശ്വാസകോശ വളർച്ചയെ ബാധിക്കുന്നതും കുഞ്ഞ് ജനിച്ചു വീഴുമ്പോൾ തന്നെ മരണപ്പെടുന്നതുമായ മാരകമായ അവസ്ഥകളും ഇതിലുണ്ട്. എന്നാൽ ഈ കേസിൽ കുഞ്ഞിൻ്റേത് മാരകമായ അവസ്ഥയല്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കുകയായിരുന്നു.

കുഞ്ഞിൻ്റെ ജീവിക്കാനുള്ള അവകാശത്തെയും മാതാപിതാക്കളുടെ ആശങ്കകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഈ ഉത്തരവ് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നിരവധിയാളുകൾക്ക് വലിയൊരു വഴികാട്ടിയാണ്. 2021-ലെ നിയമ ഭേദഗതി പ്രകാരം ഇന്ത്യയിൽ സാധാരണ സാഹചര്യങ്ങളിൽ 24 ആഴ്ച (6 മാസം) വരെ ഗർഭഛിദ്രം നടത്താൻ നിയമപരമായ അനുമതിയുണ്ട്. 20 ആഴ്ച വരെയുള്ള ഗർഭഛിദ്രത്തിന് ഒരു രജിസ്റ്റേർഡ് ഡോക്ടറുടെ അനുമതി മതിയാകും. 20 മുതൽ 24 ആഴ്ച വരെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ (ബലാത്സംഗത്തിന് ഇരയായവർ, പ്രായപൂർത്തിയാകാത്തവർ, പെട്ടെന്ന് ഭർത്താവ് മരണപ്പെടുകയോ വിവാഹമോചനം നേടുകയോ ചെയ്തവർ, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക്) രണ്ട് ഡോക്ടർമാരുടെ അനുമതിയോടെ ഗർഭഛിദ്രം നടത്താം.

24 ആഴ്ചയ്ക്ക് ശേഷം സാധാരണ രീതിയിൽ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നില്ല. എന്നാല്‍, ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ശാരീരിക-മാനസിക വൈകല്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ 24 ആഴ്ചയ്ക്ക് ശേഷവും ഗർഭഛിദ്രം നടത്താം. ഇതിനായി സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്ന പ്രത്യേക മെഡിക്കൽ ബോർഡിൻ്റെ അനുമതി നിർബന്ധമാണ്.

ഗർഭാവസ്ഥ 24 ആഴ്ച പിന്നിട്ട ശേഷം മാതാപിതാക്കൾ കോടതിയെ സമീപിക്കുമ്പോൾ, കോടതി ആദ്യം ചെയ്യുന്നത് വിദഗ്‌ധ ഡോക്ടർമാർ അടങ്ങുന്ന ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കുകയാണ്. ഈ ബോർഡാണ് കുഞ്ഞിൻ്റെയും അമ്മയുടെയും ആരോഗ്യാവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്. കുഞ്ഞ് ജനിച്ചാൽ ഉടൻ മരണപ്പെടാൻ സാധ്യതയുള്ള തരത്തിലുള്ള ഗുരുതരമായ വൈകല്യമാണെങ്കിൽ മെഡിക്കൽ ബോർഡ് ഗർഭഛിദ്രത്തിന് ശുപാർശ ചെയ്യും. കോടതി ഇതിന് അനുമതി നൽകുകയും ചെയ്യും. കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടെങ്കിലും അത് ജീവന് ഭീഷണിയല്ലെങ്കിൽ ഗർഭഛിദ്രത്തിന് അനുമതി ലഭിക്കാറില്ല. കാരണം, ഇവിടെ കുഞ്ഞിൻ്റെ ‘ജീവിക്കാനുള്ള അവകാശത്തിനാണ്’ നിയമം മുൻഗണന നൽകുന്നത്.

അമ്മയുടെ ജീവന് ഗർഭാവസ്ഥ കടുത്ത ഭീഷണിയാകുമ്പോള്‍ ഗർഭാവസ്ഥ എത്ര ആഴ്ചയായി എന്നതുപോലും നോക്കാതെ ഗർഭഛിദ്രം അനുവദിക്കും. ഗർഭം തുടരുന്നത് സ്ത്രീയുടെ ജീവന് ആപത്താണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ ഏത് ഘട്ടത്തിലും ഗർഭഛിദ്രം നടത്താൻ നിയമം അനുവാദം നൽകുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags