Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaസനാതന ധര്‍മ്മത്തിന്റെ പേരില്‍ സവര്‍ണ മേധാവിത്വം അംഗീകരിപ്പിക്കാന്‍ ശ്രമം: വെള്ളാപ്പള്ളിക്ക് മറുപടി

സനാതന ധര്‍മ്മത്തിന്റെ പേരില്‍ സവര്‍ണ മേധാവിത്വം അംഗീകരിപ്പിക്കാന്‍ ശ്രമം: വെള്ളാപ്പള്ളിക്ക് മറുപടി

ആലപ്പുഴ: പി ജയരാജനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സനാതന ധര്‍മ്മത്തിന്റെ പേര് പറഞ്ഞ് സവര്‍ണ മേധാവിത്വം അംഗീകരിപ്പിക്കാനാണ് ശ്രമമെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സനാതനധര്‍മ്മത്തിനൊപ്പം കൂട്ടിക്കെട്ടുന്നത് എതിര്‍ക്കപ്പെടണം. എസ്എന്‍ഡിപി മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവകാശമുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ചേര്‍ത്തലയില്‍ നടന്ന പരിപാടിയില്‍ വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

‘ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാര്‍ശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിരാണ്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കുന്നു. പഴയ എസ്എന്‍ഡിപി നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ല. എസ്എന്‍ഡിപിയുടെ ദാര്‍ശനിക നിലപാടില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ അത് ചൂണ്ടിക്കാട്ടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവകാശമുണ്ട്. ഞാനിത് ചേര്‍ത്തലയില്‍ വന്നു പറയുന്നത്, എന്നെയും പി ജയരാജനെയും ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ തെറ്റായ ചരിത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ട്. ഞാന്‍ ഈ പറയുന്നതാണ് ചരിത്രം. സനാതനധര്‍മ്മത്തിന്റെ പേര് പറഞ്ഞ് ശ്രീനാരായണ ഗുരുവിന്റെ പേര് കൂട്ടിക്കെട്ടാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ ശ്രീനാരായണീയര്‍ക്ക് ബാധ്യതയുണ്ട്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാള്‍പ്പടയാകാന്‍ വെള്ളാപ്പള്ളിശ്രമിക്കുന്നുവെന്ന് പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. പുന്നപ്ര വയലാര്‍ വാരാചരണത്തില്‍ സംസാരിക്കവെയായിരുന്നു പി ജയരാജന്റെ പ്രതികരണം. ജാതി രാഷ്ട്രീയക്കാരെയും മത വര്‍ഗീയവാദികളെയും എതിര്‍ക്കണമെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാള്‍പ്പടയാകാന്‍ വെള്ളാപ്പള്ളി മലബാറില്‍ പ്രഖ്യാപനം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെ യോജിക്കണമെന്ന് ബിജെപി പറയുമ്പോള്‍ നായാടി മുതല്‍ നസ്രാണി വരെ എന്ന് വെള്ളാപ്പള്ളി പറയുന്നു. വിവര്‍ത്തന പ്രക്ഷോഭ കാലത്തെ സി കേശവന്റെ പ്രസംഗം വെള്ളാപ്പള്ളി നടേശന്‍ കേള്‍ക്കണമെന്നും പി ജയരാജന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിമര്‍ശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. പി ജയരാജന്റെ വിമര്‍ശനം അന്ധന്‍ ആനയെ കണ്ടതുപോലെയാണെന്നും അത് പറയാന്‍ അദ്ദേഹത്തിന് ഒരാവശ്യവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പി ജയരാജന്റേത് വ്യക്തിപരമായ വിമര്‍ശനമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വിമര്‍ശിച്ചു വിമര്‍ശിച്ച് പി ജയരാജന്റെ തട്ടകത്തില്‍ പാര്‍ട്ടി എവിടെ കിടക്കുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്നും പാര്‍ട്ടിയ്ക്കകത്ത് നിന്ന് പാര്‍ട്ടിയെ വിമര്‍ശിച്ചല്ലേ ജയരാജന്‍ മുന്നോട്ടുപോകുന്നത്. പി ജയരാജന്‍ എന്നും പാര്‍ട്ടിക്ക് അകത്തുനിന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നയാളാണ്. തോറ്റതിന് ന്യായങ്ങള്‍ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags