Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogAutomobile100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് നൂറു ശതമാനം എഥനോളില്‍ (ഇ100) പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മലിനീകരണം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത്.

ഒക്ടോബര്‍ 23നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 1989ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡങ്ങള്‍, ഇന്ധന സവിശേഷതകള്‍, ടെസ്റ്റിങ് പ്രക്രിയകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചട്ടങ്ങളില്‍ ഇ85നൊപ്പം ഇ100 ഇന്ധനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സാധാരണ പെട്രോള്‍ കാറുകളില്‍ ഇ85 അല്ലെങ്കില്‍ ഇ100 ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ പുതിയ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ക്കായി പ്രത്യേകമായി നിര്‍മിച്ചതും സര്‍ട്ടിഫൈ ചെയ്തതുമായ വാഹനങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കാന്‍ സാധിക്കൂ. ഇ20 ഇന്ധനങ്ങളില്‍ ഓടാന്‍ രൂപകല്‍പ്പന ചെയ്ത പരമ്പരാഗത പെട്രോള്‍ കാറുകളിലും ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

മോട്ടോര്‍ വാഹന ചട്ടത്തില്‍ നിരവധി ഭേദഗതികളാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. ഇന്ധന സ്‌പെസിഫിക്കേഷനുകള്‍, മലിനീകരണവുമായി ബന്ധപ്പെട്ട പട്ടികകള്‍, വാഹന ടെസ്റ്റിങ് ആവശ്യകതകള്‍ എന്നിവയിലെല്ലാം ഇ100 ഔദ്യോഗികമായി ഉള്‍പ്പെടുത്തി. കൂടാതെ, വാഹനങ്ങളുടെ മൊത്തത്തിലുള്ള ഭാരപരിധി 3,000 കിലോഗ്രാമില്‍ നിന്ന് 3,500 കിലോഗ്രാമായി ഉയര്‍ത്തിയിട്ടുമുണ്ട്. ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് പുതിയ വിജ്ഞാപനം സഹായകരമാകും. മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇന്ത്യന്‍ വിപണിക്കായി ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളുടെ നിര്‍മാണത്തിലാണ്.

ഇറക്കുമതി ചെയ്യപ്പെടുന്ന അസംസ്‌കൃത എണ്ണയെ രാജ്യം ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവില്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ ഇ20 പെട്രോള്‍ രാജ്യം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ മൊത്തത്തിലുള്ള എഥനോള്‍ ഉത്പാദന ശേഷി ഏകദേശം 2,000 കോടി ലിറ്ററിലെത്തിയിട്ടുണ്ട്. ഇ100 ഉള്‍പ്പെടെയുള്ള പുതിയ ചട്ടങ്ങള്‍ നടപ്പിലാകുന്നതോടെ ഹരിത ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പ് കൂടുതല്‍ വേഗത്തിലാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags