Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogTamilnaduരാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ധനുഷിനെതിരേ ടിവികെയുടെ വിമർശനം; ‘ഓപ്പറേഷൻ ഡി’ ആരോപണവുമായി കോൺഗ്രസ്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ധനുഷിനെതിരേ ടിവികെയുടെ വിമർശനം; ‘ഓപ്പറേഷൻ ഡി’ ആരോപണവുമായി കോൺഗ്രസ്

ചെന്നൈ: ദേശീയ പുരസ്‌കാര ജേതാവായ നടൻ ധനുഷ് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോര്. ധനുഷിന്‍റെ ആരാധക സംഘടനയുടെ പേരുമാറ്റവും വനിതാ വിഭാഗത്തിന്‍റെ യോഗവും ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്ത പ്രതികരണങ്ങളുമായി രംഗത്തെത്തി. ധനുഷിന്‍റെ രാഷ്ട്രീയ സ്വാധീനത്തെ തള്ളിക്കളഞ്ഞ് ഭരണകക്ഷിയായ ടിവികെ രംഗത്തെത്തിയപ്പോൾ, നടനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിന് ബിജെപിയും ആർഎസ്എസും ചേർന്ന് നീക്കം നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ചെന്നൈയുടെ പ്രാന്തപ്രദേശമായ തോറൈപ്പാക്കത്തെ സ്വകാര്യ കോളെജിൽ ഞായറാഴ്ച നടന്ന ധനുഷ് നർപ്പണി ഇയക്കത്തിന്‍റെ (ധനുഷ് വെൽഫെയർ മൂവ്‌മെന്‍റ്) വനിതാ വിഭാഗം യോഗത്തിൽ ഏകദേശം 3,000 പേർ പങ്കെടുത്തിരുന്നു. നേരത്തേ ധനുഷ് നർപ്പണി മണ്ഡ്രം എന്നറിയപ്പെട്ടിരുന്ന സംഘടനയുടെ പേരുമാറ്റത്തിന് പിന്നാലെയാണ് യോഗം നടന്നത്. പരിപാടിയിൽ പങ്കെടുത്തവർക്ക് താമരയുടെ ചിഹ്നം ആലേഖനം ചെയ്ത വെള്ളിയിൽ തീർത്ത പരമ്പരാഗത കാമാക്ഷി വിളക്കുകൾ ധനുഷ് സമ്മാനിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.

ധനുഷിന്‍റെ രാഷ്ട്രീയ പ്രവേശനസാധ്യതയെ തള്ളിക്കളഞ്ഞ് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന രംഗത്തെത്തി. ഡൽഹിയിലെ ഉന്നത നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് പുതിയ രാഷ്ട്രീയ പ്രവേശകർ രംഗത്തെത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ധനുഷിന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ യഥാർഥ എതിരാളിയാകാൻ കഴിയില്ലെന്ന് ടിവികെ നേതാവ് എൻ. മേരി വിൽസണും പറഞ്ഞു.

ധനുഷിന്‍റെ സംഘടനയിലെ പുനഃസംഘടനയും പെട്ടെന്നുള്ള മുന്നേറ്റവും ബിജെപിയുടെയും ആർഎസ്എസിന്‍റെയും രഹസ്യനീക്കത്തിന്‍റെ ഭാഗമാണെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ ബി. മണികം ടാഗോർ ആരോപിച്ചു. ‘ഓപ്പറേഷൻ ഡി’ അല്ലെങ്കിൽ ‘പ്ലാൻ സി’ എന്ന പേരിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ബിജെപി നേതൃത്വത്തിന്‍റെ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയ നീക്കമാണിതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ടാഗോർ ആരോപിച്ചു. തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വമുണ്ടാക്കാനും പ്രത്യേക വോട്ടുബാങ്കുകളെ ലക്ഷ്യമിടാനുമായി മറ്റൊരു സിനിമാതാരത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്തിനെപ്പോലുള്ള സിനിമാതാരങ്ങളിലൂടെ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുള്ള മുൻശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

ധനുഷിന്‍റെ രാഷ്ട്രീയ പ്രവേശനസാധ്യതയെക്കുറിച്ചുള്ള ചർച്ചയിൽ ഡിഎംകെയും എഐഎഡിഎംകെയും നിലപാട് വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് ആർക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാമെന്ന് മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എസ്. റെഗുപതി പറഞ്ഞു. വിജയ്‌യിക്ക് രാഷ്ട്രീയത്തിലിറങ്ങാമെങ്കിൽ ധനുഷിനും അതിന് കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ധനുഷിന്‍റെ ജനപിന്തുണയെ ടിവികെ നേതാക്കൾ ഗൗരവത്തോടെ കാണുന്നതിന്‍റെ സൂചനയാണ് അവരുടെ പ്രതികരണമെന്നും റെഗുപതി അഭിപ്രായപ്പെട്ടു.

അതേസമയം, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിൽ പാർട്ടിയിൽ ചേരാൻ ധനുഷിനെ മുതിർന്ന നേതാവ് കെ.ടി. രാജേന്ദ്ര ബാലാജി ക്ഷണിച്ചു. യുവാക്കൾക്കിടയിലെ താരത്തിന്‍റെ ജനപ്രീതിയും പിന്നാക്ക, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ജീവിതം സിനിമകളിലൂടെ അവതരിപ്പിച്ച ചരിത്രവും ചൂണ്ടിക്കാട്ടിയ അദ്ദേഹം ധനുഷിനെ പാർട്ടി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags