
സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ; പുതിയ പുസ്തകത്തിന്റെ ആദ്യ ദൃശ്യങ്ങൾ പങ്കുവച്ചു
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചു. വ്യാഴാഴ്ച തന്റെ വരാനിരിക്കുന്ന പുസ്തകമായ ‘ബിലോങിങ്: എ ജേണി ഓഫ് ലവ്’ സംബന്ധിച്ച വീഡിയോ ആണ് ആദ്യ പോസ്റ്റായി പങ്കുവച്ചത്. ‘സ്നേഹം, കടമ, നഷ്ടം, തനിക്കു ചേരുന്ന ഒരിടം കണ്ടെത്തൽ എന്നിവയുടെ കഥ’ എന്നാണ് പുസ്തകത്തെ സോണിയ വിശേഷിപ്പിച്ചത്.
പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങുന്ന വീഡിയോയാണ് സോണിയ പങ്കുവച്ചത്. എല്ലാവരുമായും ഈ നിമിഷം പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും പുസ്തകത്തിന്റെ ആദ്യ ദൃശ്യം അവതരിപ്പിക്കുകയാണെന്നും അവർ കുറിച്ചു. പുസ്തകത്തെക്കുറിച്ച് കൂടുതൽ പങ്കുവയ്ക്കാൻ കാത്തിരിക്കുകയാണെന്നും മുൻ കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.
വീഡിയോയിൽ മകൾ പ്രിയങ്ക ഗാന്ധി വാദ്രയോടൊപ്പം പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്ന സോണിയയെ കാണാം. ഈ അവസരത്തിൽ ഇരുവരും മധുരപലഹാരങ്ങളും പങ്കുവച്ചു. പുസ്തകത്തിൽ നിരവധി ചിത്രങ്ങളുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.








