Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogInternationalഫ്രാന്‍സ് പ്രക്ഷോഭം; ശ്രദ്ധപുലര്‍ത്തണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി പാരീസിലെ ഇന്ത്യന്‍ എംബസി

ഫ്രാന്‍സ് പ്രക്ഷോഭം; ശ്രദ്ധപുലര്‍ത്തണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി പാരീസിലെ ഇന്ത്യന്‍ എംബസി

പാരീസ്: പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഫ്രാന്‍സിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി പാരീസിലെ ഇന്ത്യന്‍ എംബസി. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഫ്രാന്‍സിലെ പ്രധാന നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ശ്രദ്ധപുലര്‍ത്തണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. അക്രമാസക്തമായ സമരമാണ് നടക്കുന്നത്. ആള്‍ക്കൂട്ടങ്ങളുടെ ഭാഗമാകുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും ഫ്രഞ്ച് ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം പാരീസില്‍ കഴിഞ്ഞയാഴ്ച സംഭവിച്ച വാരാന്ത്യ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം മുന്‍കരുതലുകള്‍ കൈക്കൊള്ളുകയാണ്. നിരവധി സംഘടനകളാണ് ശനിയാഴ്ച പാരീസ് നഗരത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 5ന് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്ച ആക്രമണം അഴിച്ചുവിടാന്‍ അനുവദിക്കില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ കുടിയേറ്റക്കാരും മുസ്‌ലീങ്ങളുമാണ് ഫ്രാന്‍സിലെ കലാപത്തിന് പിന്നില്‍ എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായത്തെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന്റെ നേട്ടങ്ങള്‍ കൊയ്യാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഫ്രാന്‍സ് തീവ്രവാദ ഇസ്ലാമിന്റെ കടന്നുകയറ്റത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പരാമര്‍ശങ്ങളുും മാക്രോണ്‍ തള്ളി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മാക്രോണ്‍ പറഞ്ഞു. എന്നാല്‍, ഭാവിയിലുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു ഉറപ്പുനല്‍കി. സൈന്യത്തിന്റെ പിന്തുണയോടെ വന്‍തോതില്‍ പൊലീസിനെ വിന്യസിക്കുമെന്ന് ലെകോര്‍നു അറിയിച്ചു. അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ തുടര്‍ച്ചയായി രണ്ടാം രാത്രിയും കര്‍ഫ്യൂ കടന്നുപോയിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ പാരീസില്‍ വലിയൊരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ഫ്രാന്‍സിലെ ‘യെല്ലോ വെസ്റ്റ്’ പ്രസ്ഥാനം പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags