Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogNationalടൈഗര്‍ ഷ്‌റോഫിനെതിരായ ആക്രമണം; സംഘം രണ്‍ബീര്‍ കപൂറിനേയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട്

ടൈഗര്‍ ഷ്‌റോഫിനെതിരായ ആക്രമണം; സംഘം രണ്‍ബീര്‍ കപൂറിനേയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട്

മുംബൈ: ടൈഗര്‍ ഷ്‌റോഫിനെ ആക്രമിച്ച സംഘം ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനേയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറിന്റെ ബന്ദ്രയിലെ വീട് ഉള്‍പ്പെടെ സംഘം നിരീക്ഷിച്ചു വന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ റഡാറില്‍ മറ്റ് പല സെലിബ്രിറ്റികളും ഉണ്ടെന്നാണ് മുബൈ പൊലീസിന്റെ അന്വേഷണത്തിലൂടെ വ്യക്തമാകുന്നത്. ബിഷ്ണോയ് സംഘത്തിലെ അംഗമായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഷ്‌റോഫിന് നേരെ ആക്രമണം നടന്നതെന്ന് മുംബൈ പൊലീസ് ബുധനാഴ്ച കോടതിയെ അറിയിച്ചു. കേസില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചന, ആയുധ വിതരണം, എന്നിവയെക്കുറിച്ച് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. പ്രധാന പ്രതിയെ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ഇന്നലെ മുംബൈയില്‍ എത്തിച്ചു. ഇയാള ഒക്ടോബര്‍ 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരുടെ നിര്‍ദേശപ്രകാരമാണ് മൂന്നംഗ സംഘം ടൈഗര്‍ ഷ്‌റോഫിനെ ആക്രമിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളിയായ അനില്‍ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികള്‍ക്ക് നിര്‍ദേശം നല്‍കിയത്. നടന്‍ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികള്‍ മുംബൈയില്‍ എത്തിയതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സല്‍മാന്‍ ഖാന് കനത്ത സുരക്ഷയുള്ളതിനാല്‍ പദ്ധതി നടന്നില്ല. ഇതോടെയാണ് പൊലീസ് സുരക്ഷയില്ലാത്ത ടൈഗര്‍ ഷ്‌റോഫിന്റെ യാത്രകള്‍ അക്രമികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പ് നടത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഞായറാഴ്ച വൈകിട്ടാണ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവില്‍ ഫുട്‌ബോള്‍ കളിച്ച് കാറില്‍ മടങ്ങുന്നതിനിടെ അക്രമികള്‍ നടന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഹരിയാന സ്വദേശികളായ ഫൂല്‍ സിങ്(18) റഹാന്‍(18) ബിഹാര്‍ സ്വദേശി ഋത്വിക് എന്ന റോഷന്‍(22) എന്നിവരാണ് ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിയുതിര്‍ത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനില്‍വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് പിന്നാലെ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കുനാല്‍, സുമതി, രാധ, ബബിത എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പൊലീസിന് കൈമാറി. കുനാലും സുമിത്തുമാണ് അക്രമികള്‍ക്ക് വേണ്ടി തോക്ക് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ സ്ത്രീകളാണ് ഈ തോക്കുകള്‍ മുംബൈയിലെ ദാദറിലെത്തി അക്രമികള്‍ക്ക് കൈമാറിയതെന്നും പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags