Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് നാല് കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്. ബാലാവകാശ കമ്മീഷൻ പൊലീസിൽ നിന്ന് വിവരങ്ങൾ തേടി. രാഹുലിന്റെ സഹോദരങ്ങളായ മറ്റ് നാല് പെൺകുട്ടികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ പരിശോധന ഉടൻ തന്നെ ഉണ്ടാകും.

രാഹുലിന്റെ മരണം തൂക്കക്കുറവ് കൊണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിക്ക് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നെന്നും ഇത് ആരോ​ഗ്യാവസ്ഥ വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് സാധാരണ 12 കിലോഗ്രാം ഭാരം ആവശ്യമായിരിക്കെ, രാഹുലിന്റെ ശരീരഭാരം വെറും 7 കിലോഗ്രാം മാത്രമായിരുന്നു.

ഞായറാഴ്ച രാവിലെയാണ് കുട്ടിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിലും പിന്നീട് മരിച്ച നിലയിലും കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ രക്തക്കുറവും കടുത്ത വിളർച്ചയും ഉണ്ടായിരുന്നതായും ആവശ്യത്തിന് ആഹാരവും പരിചരണവും ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുട്ടി മരിക്കുന്ന സമയത്ത് മാതാവ് താര ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. തലേദിവസം വൈകുന്നേരത്തോടെ താരയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളുമടക്കം ഏഴ് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. ഇവരിൽ മറ്റ് കുട്ടികൾക്ക് 10, 7, 5, 3 എന്നിങ്ങനെയാണ് പ്രായം. ഇതിനിടെ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇപ്പോൾ മരണപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags