
കോഴിക്കോട് വീണ്ടും വെർച്വൽ അറസ്റ്റ്; മധ്യവയസ്കയ്ക്ക് നഷ്ടമായത് 1.35 കോടി രൂപ
കോഴിക്കോട്: കോഴിക്കോട് വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി മധ്യവയസ്കയുടെ അക്കൗണ്ടിൽ നിന്ന് 1.35 കോടി രൂപ തട്ടിയെടുത്തു. സംഭവത്തിൽ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
ആധാർ കാർഡ് ഉപയോഗിച്ച് വ്യാജ സിം കാർഡ് എടുത്തെന്നും ഇതുവഴി വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് സംഘം വീട്ടമ്മയെ വലയിലാക്കിയത്. കഴിഞ്ഞ മാസം 22നാണ് ഇവരുടെ മൊബൈൽ ഫോണിലേക്ക് വാട്സാപ്പ് കോളിലൂടെ തട്ടിപ്പുകാർ ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് രണ്ട് വ്യത്യസ്ത മൊബൈൽ നമ്പറുകളിൽ നിന്ന് മാറിമാറി വിളിക്കുകയും വാട്സാപ്പ് വിഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി, കേസുമായി ബന്ധപ്പെട്ട് വീട്ടമ്മ നിരീക്ഷണത്തിലാണെന്ന് അറിയിക്കുകയും വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തിയതായി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ അനീഷ് വി. പറഞ്ഞു.
ഒക്ടോബർ 15 വരെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട സംഘം, പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലാണെന്ന് ആവർത്തിച്ചു. തട്ടിപ്പിൻ്റെ ഭാഗമായി വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. അക്കൗണ്ടിലെത്തിയ പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധിക്കുന്നതിനായി അയച്ചു നൽകണമെന്നും, പരിശോധനയ്ക്ക് ശേഷം പലിശ സഹിതം തുക തിരികെ നൽകാമെന്നും വ്യാജ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച വീട്ടമ്മ തൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 13 ഇടപാടുകളിലൂടെ 1,35,14,000 രൂപയാണ് തട്ടിപ്പ് സംഘത്തിന് കൈമാറിയത്.
പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് ഇവർ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം നഷ്ടപ്പെട്ട മൂന്ന് അക്കൗണ്ടുകളും തട്ടിപ്പുകാർ ഉപയോഗിച്ച രണ്ട് മൊബൈൽ നമ്പറുകളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. മുംബൈ പൊലീസിൻ്റെ ഉൾപ്പെടെ സഹായം കോഴിക്കോട് സൈബർ പൊലീസ് തേടിയിട്ടുണ്ട്.
തട്ടിപ്പുകാർ ഇരകളെ മാനസികമായി തളർത്തുന്ന തന്ത്രമാണ് വെർച്വൽ അറസ്റ്റിലൂടെ നടപ്പിലാക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകളും ഔദ്യോഗിക രേഖകളും വാട്സാപ്പിലൂടെ അയച്ചുനൽകി വിശ്വാസ്യത നേടിയെടുക്കുകയാണ് ഇവരുടെ ആദ്യ പടി. തുടർന്ന്, ഇരകളെ വീടിനുള്ളിൽ തന്നെ തുടരാൻ നിർബന്ധിക്കുകയും പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. കാമറ ഓണാക്കി വച്ച് മണിക്കൂറുകളോളം നിരീക്ഷിക്കുന്ന രീതിയും ഇത്തരം തട്ടിപ്പുകളിൽ കണ്ടുവരുന്നുണ്ട്. കോഴിക്കോട് നടന്ന ഈ സംഭവത്തിലും സമാനമായ രീതിയിലാണ് തട്ടിപ്പുകാർ മധ്യവയസ്കയെ ഭയപ്പെടുത്തി പണം അപഹരിച്ചത്.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വിഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. സി.ബി.ഐ, കസ്റ്റംസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ പേരിൽ വരുന്ന ഇത്തരം വ്യാജ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പിയോ യാതൊരു കാരണവശാലും മറ്റൊരാൾക്ക് കൈമാറരുതെന്നും പൊലീസ് ആവർത്തിച്ച് വ്യക്തമാക്കുന്നു. സംശയം തോന്നിയാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിക്കുന്നു.








