
മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 എണ്ണം; ശബരിമല തീർഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: വരാനിരിക്കുന്ന മണ്ഡലകാലത്തും മകരവിളക്ക് ഉത്സവകാലത്തും ശബരിമല തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. മണ്ഡലകാലത്ത് 461 ബസുകളും മകരവിളക്ക് ഉത്സവത്തിന് 561 ബസുകളും സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ശബരിമല അയ്യപ്പക്ഷേത്രത്തിലെ 41 ദിവസം നീളുന്ന മണ്ഡലപൂജാ കാലത്തിന് നവംബർ 17ന് തുടക്കമാകും. 2027 ജനുവരി 14നാണ് മകരവിളക്ക് ഉത്സവം.
യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കുമെന്നും ആവശ്യമെങ്കിൽ പാട്ടത്തിനെടുത്ത ബസുകളും സർവീസിന് ഉപയോഗിക്കുമെന്നും കെഎസ്ആർടിസി പ്രസ്താവനയിൽ അറിയിച്ചു. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക സർവീസുകൾ നടത്തും. മണ്ഡലകാലത്ത് പമ്പയിലും നിലയ്ക്കലിലുമായി 678 ജീവനക്കാരെയും മകരവിളക്ക് ഉത്സവകാലത്ത് 778 ജീവനക്കാരെയും നിയോഗിക്കും. ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്റ്റർമാരെയും വിന്യസിക്കും. രണ്ടാം ഘട്ടത്തിൽ 375 ഡ്രൈവർമാരും 275 കണ്ടക്റ്റർമാരുമുണ്ടാകും.
ജീവനക്കാർക്ക് അഗ്നിരക്ഷാ-രക്ഷാപ്രവർത്തന പരിശീലനവും വൈദ്യസഹായവുമായി ബന്ധപ്പെട്ട പരിശീലനവും നൽകിയിട്ടുണ്ട്. ബസുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കാൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് വാഹന നിർമാതാക്കളുടെ സഹായത്തോടെയുള്ള പ്രത്യേക പരിശീലനവും നൽകിയതായി പ്രസ്താവനയിൽ പറയുന്നു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ തീർഥാടകർക്കായി ചാർട്ടേഡ് യാത്രകളും ഓൺലൈൻ റിസർവേഷൻ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വിവിധ ഡിപ്പോകൾക്ക് സമീപമുള്ള ക്ഷേത്രങ്ങളിൽ നിന്നും നിശ്ചിത സർവീസ് കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും.
തീർഥാടകർക്ക് വിശ്രമിക്കാനും രാത്രിയിൽ താമസിക്കാനും സൗകര്യമൊരുക്കുന്ന 70ലധികം തെരഞ്ഞെടുത്ത ക്ഷേത്രങ്ങളുടെ വിവരങ്ങൾ കെഎസ്ആർടിസി ഉടൻ പ്രസിദ്ധീകരിക്കും. പമ്പയിലും നിലയ്ക്കലിലും ബസ് പാർക്കിങ്, ഗാരേജുകൾ, ജീവനക്കാർക്കുള്ള താമസസൗകര്യം, വിശ്രമകേന്ദ്രങ്ങൾ എന്നിവ മെച്ചപ്പെടുത്തും. അനധികൃത പാർക്കിങ് തടയുന്നതിനും നിലയ്ക്കൽ ബസ് സ്റ്റേഷന് സമീപം പൊലീസ് സഹായം ഉറപ്പാക്കുന്നതിനും ത്രിവേണിയിൽ യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രങ്ങളും ബാരിക്കേഡുകളും ഒരുക്കുന്നതിനും നടപടിയെടുക്കും.
തീർഥാടകരുടെ വരവും മടക്കയാത്രയും കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനും ആവശ്യാനുസരണം ബസുകൾ വിന്യസിക്കാനും പമ്പ കൺട്രോൾ റൂമുമായുള്ള ഏകോപനം ശക്തമാക്കും. നിലയ്ക്കൽ-പമ്പ റൂട്ടിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും ബസ് സർവീസുകളെ ബാധിക്കുന്ന അനധികൃത സമാന്തര സർവീസുകളും പാർക്കിങ്ങും തടയാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും. ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ഗതാഗത മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങൾ നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.








