
ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റി കേന്ദ്ര സർക്കാർ
ഡൽഹി: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെൻഷൻ പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. ഇന്ദിരാഗാന്ധിക്ക് പകരം പ്രധാനമന്ത്രി എന്ന് ചേർത്താണ് പേരുകൾ മാറ്റിയിരിക്കുന്നത്. പദ്ധതികൾ 2030-31 സാമ്പത്തിക വർഷം വരെ നീട്ടാൻ മന്ത്രിസഭാ അനുമതി നൽകി. ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ പദ്ധതി അടക്കമുള്ള പദ്ധതികളുടെ പേരുകളാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്.
ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ പദ്ധതി ഇനി ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന’ എന്ന പേരിലാകും അറിയപ്പെടുക. കൂടാതെ ഇന്ദിരാഗാന്ധി വിധവാ പെൻഷൻ പദ്ധതി ഇനി ‘പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന’ എന്നും, ഇന്ദിരാഗാന്ധി ഭിന്നശേഷി പെൻഷൻ പദ്ധതി ‘പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന എന്നും പുനർനാമകരണം ചെയ്തു. ദേശീയ കുടുംബ സഹായ പദ്ധതി ഇനി ‘പ്രധാനമന്ത്രി പരിവാർ ലാഭ് യോജന എന്നും പേര് മാറ്റി.
ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ പദ്ധതി പ്രകാരമുള്ള സഹായത്തുക ഇനിമുതൽ 79 വയസ്സ് വരെയുള്ളവർക്ക് 375 രൂപയും, 80 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് 625 രൂപയുമായിരിക്കും. അതേസമയം, വയോജനങ്ങൾക്കും വിധവകൾക്കുമുള്ള പെൻഷൻ പദ്ധതികളും കുടുംബ ആനുകൂല്യ പദ്ധതിയും നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്ന് മന്ത്രിസഭാ പത്രക്കുറിപ്പ് അറിയിച്ചു. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 3.20 കോടി ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.








