
നബിദിനാഘോഷത്തിനൊരുങ്ങി കേരളം; ഇന്ന് മീലാദ് ആഘോഷം, സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികൾ
എറണാകുളം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിനൊരുങ്ങി വിശ്വാസികൾ. സംസ്ഥാനത്ത് ഇന്നാണ് മീലാദാഘോഷം. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുക.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെങ്ങുമുള്ള വിശ്വാസികൾ ആഘോഷിക്കുമ്പോൾ സംസ്ഥാനത്തും വിപുലമായാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. നബി ജീവിതവും സന്ദേശവും ചരിത്രവും വിളംബരം ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ സുന്നി സംഘടനകളുടെയും മഹല്ലുകളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ കേരളത്തിലും നടക്കുന്നത്.

നബിദിനത്തെ വരവേൽക്കുന്നതിനായി പള്ളികളും മദ്രസകളും അലങ്കാര ലൈറ്റുകളും തോരണങ്ങൾ കൊണ്ടും അലങ്കരിച്ച് വർണാഭമാക്കിയിട്ടുണ്ട്. ഇന്ന് പ്രധാനമായും നബി പ്രകീർത്തനമായ മൗലിദ് സദസുകൾ
രാവിലെ പള്ളികളിൽ നടക്കും. മീലാദ് സന്ദേശ ഘോഷയാത്ര, അന്നദാനം, മദ്രസാ വിദ്യാർഥികളുടെ കലാ സാഹിത്യ പരിപാടികൾ, പ്രഭാഷണങ്ങൾ ഉൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് നബിദിനത്തിൻ്റെ ഭാഗമായി നടക്കുന്നത്.

മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നതും സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നതുമാണെന്നും തിന്മകളെയും അധാർമിക പ്രവർത്തനങ്ങളെയും നേരിടാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണമെന്നും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.








