
വിമാന റാഞ്ചൽ തടഞ്ഞ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി
ജറുസലേം: ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി. പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിൽ ഹീറോയിസം നൽകി സ്മിത്തിനെ ആദരിക്കുമെന്ന് ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു.
കഴിഞ്ഞയാഴ്ച എഫ്.ഇസെഡ് 1073 വിമാനം തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്താൻ സഹായിച്ച ആറ് ഇസ്രയേലി യാത്രക്കാർക്ക് പുരസ്കാരം സമ്മാനിക്കുന്നതിനിടെയാണ് പ്രസിഡൻ്റ് ഇക്കാര്യം അറിയിച്ചത്. ജറുസലേമിൽ വച്ചായിരുന്നു ചടങ്ങ്. ഇന്ന് ആദരിക്കുന്ന ഇസ്രയേലി വീരന്മാർക്കൊപ്പം ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായി ഐസക് ഹെർസോഗ് വ്യക്തമാക്കി.
അദ്ദേഹത്തിൻ്റെ ധീരതയും പ്രൊഫഷണലിസവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. ആരോഗ്യനില വീണ്ടെടുത്ത ശേഷം ഇസ്രയേൽ ജനതയ്ക്ക് വേണ്ടി ഈ പരമോന്നത സിവിലിയൻ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നും ഹെർസോഗ് വിശദീകരിച്ചു. വിമാനത്തിൻ്റെ കോക്പിറ്റിൽ വച്ച് സഹപൈലറ്റിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാർ നിലവിൽ അബുദബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.








